കേപ്ടൗണ്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. മത്സരം ആവേശകരമായി ടൈയില്‍ അവസാനിച്ചതോടെ സൂപ്പര്‍ ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
ലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഡേവിഡ് മില്ലറുടെ മികവില്‍ 14 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇതില്‍ മില്ലര്‍ 13 റണ്‍സുമായി തിളങ്ങി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ബൗള്‍ ചെയ്ത സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് റണ്‍സ് വിജയം.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സും നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134-ല്‍ അവസാനിച്ചു. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ലസിത് മലിംഗയാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്.
ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്കായി 29 പന്തില്‍നിന്നും 41 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെലുക്വായോ മൂന്നു വിക്കറ്റ് വീഴ്ത്തി.
134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്കായി 30 പന്തില്‍ 34 റണ്‍സെടുത്ത റസ്സി വാന്‍ ഡെര്‍ ദസ്സെനും 23 പന്തില്‍ 41 റണ്‍സെടുത്ത ഡേവിഡ് മില്ലറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അവസാന ഓവറുകളിലെ ലങ്കന്‍ ക്യാപ്റ്റന്റെ മികച്ച പന്തുകള്‍ ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇസുരു ഉദനയുടെ ഓവറില്‍ വെറും നാലു റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
Content Highlights: south africa beat sri lanka in super over after thrilling tie