ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് വനിത ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ഏകദിനത്തിലെ ആറു വിക്കറ്റ് ജയത്തോടെ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയിരുന്നു. 63 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം 74 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മികച്ച ഫോമിലുള്ള സ്മൃതി ഈ ഇന്നിങ്‌സോടെ റെക്കോഡ് നേട്ടവും സ്വന്തമാക്കി. ചേസ് ചെയ്യുമ്പോള്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് സ്മൃതിയെ തേടിയെത്തിയത്.
വിന്‍ഡീസിനെതിരായ ഇന്നിങ്‌സ് ചേസ് ചെയ്യുമ്പോഴുള്ള സ്മൃതിയുടെ തുടര്‍ച്ചയായ ഒമ്പതാമത്തെ 50-ന് മുകളിലുള്ള സ്‌കോറായിരുന്നു. ന്യൂസീലന്‍ഡ് താരം സുസി ബേറ്റ്‌സിനൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് സ്മൃതി. ചേസ് ചെയ്യുമ്പോഴുള്ള അവസാന ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 110.5 ശരാശരിയില്‍ 663 റണ്‍സാണ് സ്മൃതി അടിച്ചെടുത്തിരിക്കുന്നത്.
മികച്ച ഫോമിലുള്ള സ്മൃതി ഒരു ഇന്ത്യന്‍ റെക്കോഡും സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയിരിക്കുന്നത്. വെറും 51 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം. നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ താരം നവ്‌ജോത് സിങ് സിദ്ദു എന്നിവരെയാണ് ഇക്കാര്യത്തില്‍ സ്മൃതി പിന്നിലാക്കിയത്.
ഗാംഗുലിയും സിദ്ദുവും 52 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍ കോലിക്ക് ഈ നേട്ടത്തിലേക്ക് 53 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. 48 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സ് തികച്ച ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇക്കാര്യത്തില്‍ മുന്നില്‍.
51 ഏകദിനങ്ങളില്‍ നിന്ന് 43.08 ശരാശരിയില്‍ 2025 റണ്‍സാണ് ഇപ്പോള്‍ സ്മൃതിയുടെ അക്കൗണ്ടിലുള്ളത്. നാലു സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് തികച്ച വനിതാ ക്രിക്കറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് സ്മൃതി. 41 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസീസ് താരം ബെലിന്‍ഡ ക്ലാര്‍ക്കാണ് ഈ പട്ടികയില്‍ ഒന്നാമത്. 45 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസീസ് താരം തന്നെയായ മെഗ് ലാന്നിങ്ങാണ് രണ്ടാമത്.
Content Highlights: Smriti Mandhana goes past Sourav Ganguly, Virat Kohli