ഗയാന: ബ്രയാന്‍ ലാറയുടെ റെക്കോഡിന്റെ പതിവാതില്‍ക്കല്‍ കളി മതിയാക്കിയിരിക്കുകയാണ് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍. ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന വിന്‍ഡീസ് താരം എന്ന ലാറയുടെ ബഹുമതിക്ക് 86 റണ്‍സ് അകലെവച്ചാണ് ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 11,953 റണ്‍സാണ് ലാറയുടെ സമ്പാദ്യം. ഇതില്‍ 11,912 റണ്‍സ് വിന്‍ഡീസിനുവേണ്ടിയും ശേഷിക്കുന്നത് ഐ.സി.സി. ലോക ഇലവനു വേണ്ടിയുമാണ്. 164 ടെസ്റ്റ് കളിച്ച ചന്ദര്‍പോളിന്റേത് 11,867 റണ്‍സും. ഇത് മുഴുവനും വിന്‍ഡീസിനുവേണ്ടി തന്നെ.
മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടിരുന്നു 41 കാരനായ ചന്ദര്‍പോള്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പതിനഞ്ച് കളിക്കാരുടെ കരാര്‍ പുതുക്കിയപ്പോഴും ചന്ദര്‍പോള്‍ തഴയപ്പെടുകയായിരുന്നു. എങ്കിലും ടീമില്‍ ശക്തമായ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഈ മുന്‍ നായകന്‍.
വെസ്റ്റിന്‍ഡീസിനുവേണ്ടി 100 ടെസ്റ്റ് കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ചന്ദര്‍പോള്‍. 1974 ആഗസ്ത് 16ന് ഗയാനയിലെ യൂണിറ്റി ഗ്രാമത്തിലായിരുന്നു ജനനം. അച്ഛന്‍ ഖേംരാജ് ചന്ദര്‍പോളിന്റെ പ്രോത്സാഹനത്തോടെ എട്ടാം വയസ്സ് മുതല്‍ തന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു ചന്ദര്‍പോള്‍. 1994ല്‍ പത്തൊന്‍പതാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ ജോര്‍ജ്ടൗണിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അവസാന ടെസ്റ്റും. 164 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും അടക്കമാണ് ചന്ദര്‍പോള്‍ 11867 റണ്‍സാണ് നേടിയത്. 203 നോട്ടൗട്ട് ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
അതേ വര്‍ഷം ഒക്‌ടോബറില്‍ ഫരീദാബാദില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഏകദരനത്തിലെ അരങ്ങേറ്റം. 268 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ച്വറി അടക്കം 8778 റണ്‍സാണ് ചന്ദര്‍പോള്‍ സ്വന്തമാക്കിയത്. 150 ആണ് ഉയര്‍ന്ന സ്‌കോര്‍. 2011ല്‍ ധാക്കയില്‍ പാകിസ്താനെതിരെയായിരുന്നു അവസാന ഏകദിനം.
2008ല്‍ മികച്ച താരമായി ഐ.സി.സി. തിരഞ്ഞെടുത്തു. അതേ വര്‍ഷം തന്നെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ വിസ്ഡന്‍ ഉള്‍പ്പെടുത്തിയിരുന്നു.