കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ മുംബൈയും റെയില്‍വേസും തമ്മിലുള്ള രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ഡ്രസ്സിങ് റൂമില്‍ ശിവം ദ്യൂബെയെ കണ്ട് 'ഏതാണ് ഈ ഉയരക്കാരന്‍' എന്ന് നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്. 'ഇയാള്‍ പേസ് ബൗളര്‍ ആയിരിക്കുമല്ലേ' എന്ന് പരിഹസിച്ചവരുമുണ്ട്. എന്നാല്‍ നാല് ദിവസത്തിന് ശേഷം ന്യൂഡല്‍ഹി കര്‍ണെയ്ല്‍ സിങ്ങ് സ്‌റ്റേഡിയത്തില്‍ ശിവം ദ്യൂബെ ആരാണെന്ന് ക്രിക്കറ്റ് ആരാധകര്‍ അറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 114 റണ്‍സ് അടിച്ച ദ്യൂബെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 69 റണ്‍സും നേടി.
12 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ശിവം ദ്യൂബെയുമുണ്ടായിരുന്നു. ടീം ലിസ്റ്റ് കണ്ട് ആരാണ് ശിവം ദ്യൂബെ എന്ന് ആശ്ചര്യപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ എന്തുകൊണ്ട് ശിവം ദ്യൂബെ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ടാകും.
പതിനാലാം വയസ്സില്‍ ക്രിക്കറ്റ് അവസാനിപ്പിച്ച് വീണ്ടും 19-ാം വയസ്സില്‍ ക്രീസില്‍ തിരിച്ചെത്തിയ കളിക്കാരനാണ് ശിവം ദ്യൂബെ. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള കാരണം. എന്നാല്‍ വീണ്ടും ആത്മവിശ്വാസത്തോടെ തിരിച്ചെത്തിയ ദ്യൂബെയെത്തേടി 24-ാം വയസ്സില്‍ ആ സ്വപ്‌ന നിമിഷമെത്തി. ഇന്ത്യന്‍ ടീമിലേക്കുള്ള വിളി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 17 മത്സരങ്ങളില്‍ 73.2 ശരാശരിയില്‍ 366 റണ്‍സാണ് ദ്യൂബെയുടെ അക്കൗണ്ടിലുള്ളത്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും ഏറ്റവും സിക്‌സ് നേടിയവരുടെ പട്ടികയില്‍ ദ്യൂബെ മുന്നില്‍ തന്നെയുണ്ട്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 15 സിക്‌സാണ് ദ്യൂബെ നേടിയത്. കര്‍ണാടകയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലായിരുന്നു അതില്‍ പത്ത് സിക്‌സും. അന്ന് 67 പന്തില്‍ 118 റണ്‍സ് ദ്യൂബെ അടിച്ചെടുത്തു. അന്ന് കളി നടക്കുമ്പോള്‍ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എം.എസ്.കെ പ്രസാദും സെലക്ഷന്‍ കമ്മിറ്റി അംഗമായ ഗഗന്‍ കോഡയുമുണ്ടായിരുന്നു. അന്ന് തന്റെ ബാറ്റിങ് എം.എസ്.കെ പ്രസാദിന് ഏറെ ഇഷ്ടപ്പെട്ടെന്നും ഇതു തന്റെ ആത്മവിശ്വാസം കൂട്ടിയെന്നും ശിവം ദ്യൂബെ പിന്നീട് പറഞ്ഞിരുന്നു.
തന്റെ ശരീരപ്രകൃതം കൊണ്ട് ഏറെ ബുദ്ധിമുട്ടിയ താരമാണ് ദ്യൂബെ. ആറടി ഉയരവും അതിനൊത്ത വണ്ണവും പലപ്പോഴും ദ്യൂബെയെ പ്രതിസന്ധിയിലാക്കി. അമിതഭാരത്താല്‍ ഫിറ്റ്‌നെസും താളം തെറ്റി. ഫിറ്റ്‌നെസ് നിലനിര്‍ത്താനുള്ള പണം കൈയിലില്ലാതായതോടെ ക്രിക്കറ്റ് അവസാനിപ്പിക്കുകയല്ലാതെ ദ്യൂബയ്ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ 14-ാം വയസ്സില്‍ ദ്യൂബെ ക്രിക്കറ്റ് അവസാനിപ്പിച്ചു. പിന്നീട് അഞ്ചു വര്‍ഷത്തിന് ശേഷം 19-ാം വയസ്സിലാണ് ദ്യൂബെ ക്രീസിലേക്ക് തിരിച്ചെത്തിയത്. അന്ന് ആ തീരുമാനമെടുത്തപ്പോള്‍ ആത്മവിശ്വാസം പകര്‍ന്ന് കൂടെയുണ്ടായിരുന്നത് ദ്യൂബെയുടെ അച്ഛനായിരുന്നു.
'എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ എനിക്ക് പ്രചോദനം നല്‍കിയത് എന്റെ അച്ഛനായിരുന്നു. ' അഞ്ചു വര്‍ഷത്തിനിടയില്‍ നിനക്ക് എന്താണ് നഷ്ടപ്പെട്ടത്. നിനക്ക് ഇപ്പോഴും മികച്ച ക്രിക്കറ്റ് താരാമാകാന്‍ കഴിയും.' അദ്ദേഹം എപ്പോഴും പറയും. ഇപ്പോഴും അച്ഛന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.' ദ്യൂബെ പറയുന്നു.
അഞ്ചു വര്‍ഷം വിട്ടുനിന്നത് ദ്യൂബെയുടെ ഫിറ്റ്‌നെസിനെ മാത്രമല്ല ബാധിച്ചത്. ജൂനിയര്‍ ക്രിക്കറ്റില്‍ കളിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഒടുവില്‍ മുംബൈയ്ക്ക് വേണ്ടി അണ്ടര്‍-23 ടീമിലാണ് ദ്യൂബെ കളിക്കുന്നത്.
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ദ്യൂബെയെ വളര്‍ത്തിയത് ക്ലബ്ബ് ക്രിക്കറ്റാണ്. കര്‍ണാടക സ്‌പോര്‍ട്ടിങ് ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ സിക്‌സിലൂടെ ദ്യൂബെ ആരാധകരുടെ മനം കവര്‍ന്നു. 2018 ഡിസംബറില്‍ നടന്ന ഒരു രഞ്ജി ട്രോഫി മത്സരത്തില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സാണ് ഈ താരം നേടിയത്. ഇതോടെ ഐ.പി.എല്ലിലും ദ്യൂബെ മിന്നുംതാരമായി. അഞ്ചു കോടി രൂപയക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദ്യൂബയെ തട്ടകത്തിലെത്തിച്ചു. പക്ഷേ ഐ.പി.എല്ലില്‍ നിരാശയായിരുന്നു ഫലം. നാല് ഇന്നിങ്‌സില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് ദ്യൂബെയ്ക്ക് നേടാനായത്. പ്രകടനം നിറം മങ്ങിയെങ്കിലും ആര്‍സിബി ടീമില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് ദ്യൂബ പറയുന്നു. ആശിഷ് നെഹ്‌റയും എബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് ദ്യൂബെ പറയുന്നു.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി 155.7 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയാണ് ഐ.പി.എല്ലിലെ നിരാശ ദ്യൂബെ മായ്ച്ചുകളഞ്ഞത്. ഇതോടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യന്‍ ടീമിലേക്കുള്ള വിളി ദ്യൂബയെ തേടിയെത്തി.
Content Highlights: Shivam Dube story Indian Cricket Team