അഡ്ലെയ്ഡ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കുള്ളതിനാല്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. ഇത് ഓസീസ് ടീമിന് ചെറിയ ക്ഷീണമൊന്നുമല്ല ഉണ്ടാക്കുന്നത്. മുതിര്‍ന്ന താരങ്ങളുടെ അഭാവം ഓസീസിന്റെ പ്രകടനത്തില്‍ കാണാം.
ഇതോടെ ടീമിലെ മറ്റൊരു മുതിര്‍ന്ന താരമായ ഷോണ്‍ മാര്ഷിലായിരുന്നു ആരാധകരുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ മാര്‍ഷ് നിരാശപ്പെടുത്തി. 19 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ അശ്വിന് തിരിച്ചയക്കുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ ഒരു റെക്കോഡും മാര്‍ഷിന്റെ പേരിലെത്തി.
130 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ് മുപ്പത്തിയഞ്ചുകാരന് തിരുത്തിയത്. 1888ന് ശേഷം ആദ്യമായാണ് ടോപ്പ് ഫൈവിലുള്ള ഒരു ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്തുടര്ച്ചയായ ആറു ഇന്നിങ്സുകളില്‍ രണ്ടക്കം കാണാതെ പുറത്താകുന്നത്. കഴിഞ്ഞ ഇന്നിങ്സുകളില്‍ 7,7,0,3,4 എന്നിങ്ങനെയാണ് മാര്‍ഷിന്റെ സ്കോര്‍.
11 മാസം മുമ്പ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 156 റണ്‍സിന് ശേഷം മാര്‍ഷിന് ഫോമിലേക്കെത്താനായിട്ടില്ല. പിന്നീടുള്ള 13 ടെസ്റ്റ് ഇന്നിങ്സില്‍ നിന്നായി 40 റണ്‍സാണ് മാര്‍ഷ് നേടിയത്.
Content Highlights: Shaun Marsh Breaks Unwanted 130 Year Old Record in Adelaide