ഏതാനും നാള്‍ മുന്‍പുവരെ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു യുവരാജ് സിങ്. കളിക്കളത്തിൽ സജീവമല്ലാത്ത കാലത്തും യുവിയെ ക്രിക്കറ്റ് പ്രേമികൾ ഓർക്കുന്നത് ഒരുകാലത്ത് കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലാണ്.
പ്രഥമ ടിട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറു പന്തും യുവി നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ചിട്ട് സെപ്റ്റംബർ പത്തൊൻപതിന് 11 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിച്ച 2007-ലെ ആദ്യ ടിട്വന്റി ലോകകപ്പിലായിരുന്നു ആ വെടിക്കെട്ട്. വേദി കിങ്‌സ്മീഡും.
18-ാം ഓവറില്‍ യുവിയും ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്റോഫും തമ്മിലൊന്ന് കോര്‍ക്കുന്നു. 19-ാം ഓവര്‍ എറിയാനെത്തിയത് സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗും (68) ഗൗതം ഗംഭീറും (58) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. അത് തുടരാനുറച്ച് നായകന്‍ ധോനിയും യുവിയും ക്രീസില്‍.
18-ാം ഓവറിന്റെ അവസാനം യുവരാജിനെ അനാവശ്യമായി പ്രകോപിപ്പിച്ച ഇംഗ്ലീഷ് താരം ഫ്ലിന്റോഫ് തലയില്‍ കൈവച്ചു പോയ ഓവറാണ് പിന്നീട് അവിടെ അറങ്ങേറിയത്.
ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക്. അടുത്ത പന്ത് ഒരു ഫ്ലിക്കിലൂടെ സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നു. മൂന്നാം പന്ത് ഓഫ് സൈഡിലേക്ക്, കവറിന് മുകളിലൂടെ ആ പന്തും ബൗണ്ടറി കടന്നു. ഇതോടെ നായകന്‍ കോളിങ്‌വുഡും മറ്റ് താരങ്ങളും ബ്രോഡിന്റെ പക്കല്‍ ഉപദേശങ്ങളുമായെത്തി. എന്ത് കാര്യം നാലാം പന്തും യുവി നിഷ്പ്രയാസം സിക്‌സറടിച്ചു.
പിന്നീട് ആ അപൂര്‍വ കാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലായി ആരാധകര്‍. അഞ്ചാം പന്തും ബൗണ്ടറിയിലേക്ക് പറന്നു. നേരത്തെ ഒരോവറില്‍ ആറു സിക്‌സടിച്ച രവി ശാസ്ത്രി കമന്ററി ബോക്‌സിലിരുന്ന് അക്ഷമനാകുന്നുണ്ടായിരുന്നു. അപ്പോള്‍ കോളിങ്‌വുഡിനും ഫ്ലിന്റോഫിനുമൊപ്പം അവസാന പന്തിന്റെ ചര്‍ച്ചയിലായിരുന്നു ബ്രോഡ്. എന്നാല്‍ ചര്‍ച്ചകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. ആറാം പന്തും യുവി പുഷ്പംപോലെ ഗ്യാലറിയിലെത്തിച്ചു. അതോടെ 20 പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ അഞ്ചിന് 218.
ടിട്വന്റിയുടെ ചരിത്രത്തില്‍ ഒരു താരം ഓവറിലെ ആറു പന്തും നിലം തൊടീക്കാതെ ഗാലറിയിലെത്തിക്കുന്നതും ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. ക്രിക്കറ്റ് ചരിത്രം മൊത്തം പരിശോധിച്ചാല്‍ നാലാമത്തെ മാത്രം സംഭവവും.
ബ്രോഡിന്റെ ആറു പന്തുകളും തുടര്‍ച്ചയായി അതിര്‍ത്തി കടത്തി നേടിയ 36 റണ്‍സ് ഉള്‍പ്പെടെ 12 പന്തില്‍ നിന്ന് യുവി അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. ടിട്വന്റിയിലെ ഈ റെക്കോഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല. മത്സരത്തില്‍ വെറും 18 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയമെന്നത് യുവിയുടെ ഈ ഇന്നിങ്‌സിന്റെ വില മനസിലാക്കിത്തരുന്നതായിരുന്നു.
2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ പ്രകടനം നടത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈ-ബറോഡ മത്സരത്തിനിടെ തിലക് രാജിന്റെ ഓവറിലാണ് ശാസ്ത്രി ഒരോവറിലെ എല്ലാ പന്തുകളും സിക്സര്‍ പറത്തിയത്.
Content Highlights: september 19 on this day yuvraj singh hits six sixes