മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലായിരുന്നു സഞ്ജു ഇടം നേടിയത്. എന്നാല്‍ മൂന്നു മത്സരങ്ങളിലും സഞ്ജുവിനെ കളത്തിലിറക്കിയില്ല. സൈഡ് ബെഞ്ചിലായിരുന്നു മലയാളി താരത്തിന്റെ സ്ഥാനം. ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചില്ല. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ സഞ്ജു പുറത്താകുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബി.സി.സി.ഐയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതിനെല്ലാം ഒരു ചിരിക്കുന്ന സ്‌മൈലി ട്വീറ്റ് ചെയ്താണ് സഞ്ജു മറുപടി നല്‍കിയത്.
ഈ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുയാണ് മുംബൈ മിറര്‍. സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ നിന്ന് സഞ്ജു പുറത്തായത് എങ്ങനെയാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ടര്‍മാര്‍ സഞ്ജുവിനെ പുറത്താക്കിയത് അര്‍ധമനസ്സോടെയാണെന്നും വിരാട് കോലിയുടെ തിരിച്ചുവരവ്, രോഹിത് ശര്‍മ്മയുടെ വിശ്രമം, ശിഖര്‍ ധവാന്റെ സ്‌ട്രൈക്ക് റേറ്റിലെ ഇടിവ്, ഋഷഭ് പന്തിന്റെ ഫോം നഷ്ടം എന്നിവ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് സഞ്ജുവിനെ തഴയാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോലിയുടെ തിരിച്ചുവരവ്
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോലി വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തിരിച്ചെത്തുകകയായിരുന്നു. അങ്ങനെയെങ്കില്‍ ടീമില്‍ നിന്ന് ഒരാള്‍ വഴിമാറികൊടുക്കണമായിരുന്നു. ഇതോടെ സഞ്ജു പുറത്തായി. ഇതിനിടയില്‍ പന്തിനെ തഴഞ്ഞ് സഞ്ജുവിനെ നിലനിര്‍ത്തണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ പന്തില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു സെലക്ടര്‍മാര്‍.
രോഹിതിന്റെ ജോലിഭാരം
വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വര്‍ധിച്ച ജോലിഭാരവും സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താത്പര്യമില്ലെന്ന് രോഹിത് ശര്‍മ്മ സെലക്ടര്‍മാരെ അറിയിക്കുകയായിരുന്നു. കോലി മുഖേനയായിരുന്നു ഇത്.
ധവാന്റെ ഫോമില്ലായ്മ
അടുത്തതായി ശിഖര്‍ ധവാന്റെ ഫോം ആണ് ചര്‍ച്ചാവിഷയമായത്. മുമ്പ് 140ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ധവാന്‍ 110 സ്‌ട്രൈക്ക് റേറ്റിലേക്ക് താഴ്ന്നിരുന്നു. ഏകദിനത്തിലും ട്വന്റി-20യിലും ധവാന്‍ ഫോമില്‍ അല്ലാത്തതും ചര്‍ച്ചയ്ക്ക് വഴിവെച്ചു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ടീമിലേക്കുള്ള സഞ്ജുവിന്റെ അവസാന വഴിയും അടഞ്ഞു.
Content Highlights: Sanju Samson's exclusion Indian Team Cricket BCCI