ഐ.പി.എല്ലില്‍ സഞ്ജു വി സാംസണിന്റെ ആ ക്യാച്ച് ആരും മറന്നിട്ടുണ്ടാവില്ല. അന്ന് സഞ്ജുവിനെ പറക്കും ജോണ്ടി റോഡ്‌സ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. അങ്ങനെയൊരു സൂപ്പര്‍ ഫീല്‍ഡിങിന് വീണ്ടും ആരാധകര്‍ സാക്ഷിയായി. ഇത്തവണ ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്.
യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ പിന്നോട്ട് പറന്നാണ് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കിയത്. മത്സരത്തില്‍ 90 പന്തില്‍ 68 റണ്‍സും മലയാളി താരം നേടി. സഞ്ജുവിനൊപ്പം 85 പന്തില്‍ 93 റണ്‍സ് അടിച്ച മനീഷ് പാണ്ഡെയുടെയും കരുത്തില്‍ ഇന്ത്യന്‍ യുവടീം ദക്ഷിണാഫ്രിക്കയുടെ എ ടീമിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ആ സൂപ്പര്‍ ക്യാച്ചിന്റെ വീഡിയോ സഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു കായികതാരത്തെ സംബന്ധിച്ച് ഫിറ്റ്‌നസ് ഏറെ പ്രധാനമാണ്. ഫിറ്റ്‌നസ് എന്നാല്‍ മറ്റൊരു താരവുമായി താരതമ്യം ചെയ്ത് വിലയിരുത്തേണ്ടതല്ല, മറിച്ച് തന്റെ തന്നെ പ്രകടനത്തിലൂടെ തെളിയിക്കേണ്ടതാണെന്നാണ് സഞ്ജു വീഡിയോയുടെ കൂടെ കുറിച്ചു.