പാഡണിഞ്ഞ് ക്രീസില്‍ ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം ഇനി മുഖത്ത് ചായംതേച്ച് പുതിയ വെള്ളിത്തിരയില്‍ പുതിയ ചരിത്രമെഴുതും. തന്റെ തന്നെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മുഖം കാണിക്കാനൊരുങ്ങുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിരവധി പരസ്യചിത്രങ്ങളില്‍ തകര്‍ത്തഭനയിച്ചിട്ടുള്ള സച്ചിന്‍ ഇതാദ്യമായാണ് സിനിമയില്‍ ഒരു മുഴുനീള വേഷം ചെയ്യുന്നത്. വെള്ളിത്തിരയില്‍ ഇത് സച്ചിന് രണ്ടാമൂഴമാണ്. നേരത്തെ സ്റ്റമ്പ്ഡ് എന്ന രവീണ ഠണ്ഡന്‍ നിര്‍മിച്ച ചിത്രത്തില്‍ അതിഥിവേഷം ചെയ്തിരുന്നു.
200 നോട്ടൗട്ട് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പില്‍ നിന്ന് ഇതിനുള്ള അവകാശം 200 നോട്ടൗട്ട് സ്വന്തമാക്കിക്കഴിഞ്ഞു.
ഷൂട്ടിങ് ഫോര്‍ സോക്രട്ടീസ്, ബാറ്റില്‍ ഓഫ് ദി സെക്‌സസ് എന്നീ കായികതാരങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങളും ഫ്രം ദി ആഷസ്, പന്റാനി: ദി ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ്, ഹൂ കില്‍ഡ് ദി ഹണി ബീ തുടങ്ങിയ ഡോക്യുമെന്ററികളും ഒരുക്കിയ വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് എര്‍സ്‌കിന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിനുവേണ്ടി സച്ചിന്റെ കളിയുടെ ഫൂട്ടേജുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ലോകമെങ്ങുമായി രണ്ടായിരത്തോളം തിയ്യറ്ററുകളിലായിരിക്കുക്കം റിലീസ് ചെയ്യുക.