പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മാര്‍ച്ച് 23 ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഡ്രസ്സിങ് റൂമില്‍ നഖം കടിച്ചും മുഖം പൊത്തിപ്പിടിച്ചും നിരാശയോടെ ഇന്ത്യന്‍ താരങ്ങള്‍ തല കുനിച്ചിരുന്ന ദിവസം. ലോകകപ്പില്‍ ശ്രീലങ്കയോടെ 69 റണ്‍സിന് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തു പോയെ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം.
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ജീവതത്തില്‍ ഒരിക്കലും ആ ദിവസം മറക്കാനാകില്ല. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ദിവസം എന്നാണ് അതിനെ സച്ചിന് വിശേഷിപ്പിക്കുക. അന്ന് സച്ചിന് വിരമിക്കലിനെ കുറിച്ച് വരെ ചിന്തിച്ചു. കരീബിയയില്‍ നിന്ന് മടങ്ങുമ്പോള്‍ തനിക്ക് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് അവിടെ ഉപേക്ഷിച്ചു പോരണമെന്ന് വരെ സച്ചിന് കരുതി.
പക്ഷേ അന്ന് വൈകുന്നേരം സച്ചിനെത്തേടി ഒരു ഫോണ്‍ കോളെത്തി. അതും തന്റെ ആരാധ്യ പുരുഷനില്‍ നിന്ന്. മറ്റാരുമായിരുന്നില്ല അത്, സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സ്. അന്ന് വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഉപദേശവും സഹോദരന് അജിത് തെണ്ടുല്‍ക്കറുടെ ശുഭാപ്തി വിശ്വാസവും സച്ചിനെ മറ്റൊരു ലോകകപ്പിന്റെ നെറുകയിലെത്തിച്ചു.
ജീവിതത്തില്‍ തോറ്റ ദിവസം
2007 മാര്‍ച്ച് 23നെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം എന്നാണ് ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. വിജയിക്കുമെന്ന് അവസാനം വരെ പ്രതീക്ഷിച്ചിട്ട് പിന്നീട് തോല്‍ക്കേണ്ടി വരുന്ന അവസ്ഥ. 1997ലെ ജോഹന്നാസ്ബര്‍ഗിലെ ടെസ്റ്റ് പോലെ. 1996 ലോകകപ്പ് സെമിഫൈനലില്‍ ശ്രീലങ്കയോട് തോറ്റത് പോലെ. ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി എന്ന് നമ്മള് വിശേഷിപ്പുക്കുന്ന ഇത്തരം ദിവസങ്ങളിലൂടെ നമുക്ക് കടന്നു പോകേണ്ടി വരും.
മുറി അടച്ചിട്ട് രണ്ടു ദിവസം
തോല്‍വിക്ക് ശേഷം ഞങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ തന്നെയുണ്ടായിരുന്നു. പക്ഷേ ഹോട്ടല്‍ റൂമില്‍ നിന്ന് പുറത്തു കടക്കാനായില്ല. ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ആ രണ്ടു ദിവസത്തെ നിരാശയില്‍ കൂടുതല്‍ മറ്റൊന്നുമില്ല. ഇത് മനസ്സില്‍ നിന്ന് കളഞ്ഞ് അടുത്ത ടൂര്ണമെന്റിലേക്ക് കടക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു.
ചാപ്പല്‍ തന്നെയാണ് ഉത്തരവാദി
അന്നത്തെ ആ തോല്‍വിക്ക് പരിശീലകന് ഗ്രെഗ് ചാപ്പലിന് തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്തം. അതില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. അദ്ദേഹം ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. അതിനു മുമ്പ് നടന്ന ദക്ഷിണാഫ്രിക്കന്‍ ടൂറില്‍ ഓപ്പണിങ്ങിനിറങ്ങിയവര് മധ്യനിരയിലാണ് വിന്‍ഡീസില്‍ കളിച്ചത്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. ലോകകപ്പില്‍ ഞാന്‍ നാലാമനായി ഇറങ്ങേണ്ടതാണെങ്കില് പിന്നെ ദക്ഷിണാഫ്രിക്കയില്‍ എന്തിന് ഓപ്പണ്‍ ചെയ്തു. അതിന് അദ്ദേഹത്തിന് ഒരു ഉത്തരവുമുണ്ടായിരുന്നില്ല.
വിവിയന്‍ റിച്ചാര്‍ഡിന്റെ ഫോണ്‍കോള്‍
അദ്ദേഹം എന്നോട് 45 മിനിറ്റോളം സംസാരിച്ചു. ക്രിക്കറ്റിലെ കയറ്റങ്ങളെയും ഇറക്കങ്ങളെയും കുറിച്ച്. ഞാന്‍ കരിയര്‍ അവസാനിപ്പിക്കേണ്ട സമയമായിട്ടില്ല എന്ന് പറഞ്ഞു. ഞാന്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. ഒരു സുഹൃത്തിനോടെന്ന പോലെ അദ്ദേഹം എല്ലാം കേട്ട് നിന്നു. പിന്നീട് പറഞ്ഞു:''ഇത് സമയത്തിന്റെ പ്രശ്നമാണ്. ഈ സമയം കടന്നു കിട്ടിയാല്‍ പിന്നെ പ്രശ്നമില്ല. നിരാശയുടെ പുറത്ത് ഒരു തീരുമാനവും എടുക്കരുത്.