മുംബൈ: 24 വര്‍ഷം നീണ്ട കരിയര്‍, 664 മത്സരങ്ങള്‍, 34,357 റണ്‍സ്, 100 സെഞ്ചുറികള്‍ സച്ചിന്‍ രമേശ് തെണ്ടുല്‍ക്കറെന്ന മഹാപ്രതിഭയുടെ കളിക്കണക്കുകള്‍ ഇങ്ങനെ പോകുന്നു. ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായപ്പോള്‍ ഓരോ തവണ ആ ചെറിയ മനുഷ്യന്‍ ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് കാലെടുത്ത് വെച്ചപ്പോഴും കാതടപ്പിക്കുന്ന ശബ്ദത്തില്‍ സച്ചിന്‍... സച്ചിന്‍ വിളികള്‍ മുഴങ്ങി.
എപ്പോഴെല്ലാം സച്ചിന്‍ മൈതാനത്തിറങ്ങിയോ അപ്പോഴെല്ലാം ഈ സച്ചിന്‍... സച്ചിന്‍ വിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു. എന്നാല്‍ ഈ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഇപ്പോഴിതാ സാക്ഷാല്‍ സച്ചിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. '' സച്ചിന്‍... സച്ചിന്‍ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അതെന്റെ അമ്മയാണ് (രജനി തെണ്ടുല്‍ക്കര്‍). എനിക്ക് അഞ്ചു വയസുള്ളപ്പോഴാണത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന് പുറത്ത് ഞാന്‍ കൂട്ടുകാരുമൊത്ത് കളിക്കുകയായിരിക്കും. വൈകീട്ട് ഏഴരയോടടുക്കുമ്പോള്‍ അമ്മ എന്നെ വിളിക്കാന്‍ വരും. എന്നാല്‍ പോകാന്‍ എനിക്ക് തീരെ താത്പര്യമുണ്ടാകില്ല. ആ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് അമ്മ സച്ചിന്‍... സച്ചിന്‍ എന്ന് വിളിച്ചുകൊണ്ടിരിക്കും'', അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങളിലെ ഈ സച്ചിന്‍... സച്ചിന്‍ വിളികള്‍ പലപ്പോഴും തനിക്ക് തന്നെ അവിശ്വസനീയമായി തോന്നാറുണ്ടെന്നും അത് ആസ്വദിക്കാറുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.