സാഹചര്യങ്ങളോട് ഇണങ്ങുന്നതാണ് പൃഥ്വിയുടെ കഴിവ്- സച്ചിന്‍


2 min read
Read later
Print
Share

ഒരു തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ 99 പന്തുകളില്‍നിന്ന് സെഞ്ചുറിയിലെത്തിയ പതിനെട്ടുകാരന്‍ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്താണ് പുറത്തായത്.

മുംബൈ: കന്നി ടെസ്റ്റില്‍ മൂന്നക്കം തികച്ച ഇന്ത്യയുടെ പുതുമുഖതാരം പൃഥ്വി ഷാ നടന്നുകയറിയത് റെക്കോഡ് ബുക്കിലേക്കായിരുന്നു.

ഒരു തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ 99 പന്തുകളില്‍നിന്ന് സെഞ്ചുറിയിലെത്തിയ പതിനെട്ടുകാരന്‍ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്താണ് പുറത്തായത്.

ഇതിനു പിന്നാലെ വീരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ എന്നിവരടക്കമുള്ള താരങ്ങള്‍ പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പൃഥ്വിയുടെ ഏറ്റവും വലിയ കരുത്ത് എന്താണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

'' കഴിവുണ്ടാകുക എന്നത് പ്രധാനപ്പെട്ട ഒരു സംഗതി തന്നെയാണ്. എന്നാല്‍ ആ കഴിവ് വെച്ച് നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. രാജ്യാന്തര തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കിയെടുക്കാനുള്ള കഴിവുണ്ടായിരിക്കണം. പൃഥ്വി അത്തരത്തിലുളള ഒരാളാണ്'', സച്ചിന്‍ പറഞ്ഞു.

രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സാഹചര്യങ്ങളില്‍ കളിച്ച് മികച്ച പ്രകടനം നടത്താനും അത് തുടര്‍ന്നുകൊണ്ടുപോകാനും സാധിക്കണമെങ്കില്‍ സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവാണ് പ്രധാനമായും വേണ്ടത്. പൃഥ്വിക്ക് ഈ കഴിവുണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവര്‍ത്തിച്ചിരിക്കുന്നു. സച്ചിനു ശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ് പൃഥ്വി ഷാ. 18 വര്‍ഷവും 329 ദിവസവുമാണ് കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോള്‍ ഷായുടെ പ്രായം. 17 വര്‍ഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 1990ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയത്.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഷാ. ബംഗ്ലദേശിന്റെ മുഹമ്മദ് അഷ്‌റഫുള്‍ (17 വര്‍ഷം 61 ദിവസം), സിംബാബ്‌വെ താരം ഹാമില്‍ട്ടണ്‍ മസകാഡ്‌സ (17 വര്‍ഷം, 352 ദിവസം), പാക്കിസ്ഥാന്‍ താരം സലീം മാലിക് (18 വര്‍ഷം 323 ദിവസം) എന്നിവരാണ് ഇക്കാര്യത്തില്‍ ഷായ്ക്കു മുന്നിലുള്ളത്.

Content Highlights: sachin tendulkar discloses prithvi shaws biggest strength

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram