ന്യൂഡല്‍ഹി: ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുള്ള വെറുപ്പിനെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്.
2013-ലെ വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ നടപടി സുപ്രീം കോടതി ഈയടുത്ത് ഏഴു വര്‍ഷമാക്കി കുറച്ചിരുന്നു. ഹര്‍ഭജന്‍ സിങ് മുഖത്തടിച്ച സംഭവവും രാജസ്ഥാന്‍ റോയല്‍സ് കോച്ച് പാഡി അപ്ടണുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി വിവാദങ്ങള്‍ നിറഞ്ഞതു തന്നെയായിരുന്നു ശ്രീയുടെ ഐ.പി.എല്‍ കരിയര്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടീമിലെടുക്കാതിരുന്നതിന് ശ്രീശാന്ത് തന്നെ അധിക്ഷേപിച്ചെന്ന് മുന്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ച് പാഡി അപ്ടണ്‍ അടുത്തിടെ പുറത്തിറക്കിയ തന്റെ ആത്മകഥയില്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വെറുക്കുന്നതിനും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്.
''മിസ്റ്റര്‍ അപ്ടണ്‍, നിങ്ങള്‍ക്ക് നിങ്ങളുടെ നെഞ്ചിലോ കുട്ടികളുടെ തലയിലോ കൈവെച്ച് പറയാന്‍ സാധിക്കുമോ നിങ്ങളെ ഞാന്‍ ഐ.പി.എല്ലിനിടയിലോ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴോ അധിക്ഷേപിച്ചിരുന്നുവെന്ന്? ഞാന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇതിഹാസതുല്യനായ രാഹുല്‍ ദ്രാവിഡിനോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്, ഞാന്‍ എപ്പോഴെങ്കിലും താങ്കളോട് കലഹിച്ചിട്ടുണ്ടോ? അപ്ടണ്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ എപ്പോഴാണ് ഞാന്‍ അദ്ദേഹത്തെയും ദ്രാവിഡിനെയും അധിക്ഷേപിച്ചത്''-ശ്രീശാന്ത് ചോദിച്ചു.
''സൂപ്പര്‍ കിങ്‌സിനെതിരായ ആ മത്സരത്തില്‍ കളിപ്പിക്കാമോ എന്ന് പലവട്ടം ഞാന്‍ അപ്ടണോട് അപേക്ഷിച്ചിരുന്നു. അവരെ എനിക്ക് തോല്‍പ്പിക്കണമെന്നുണ്ടായിരുന്നതിനാലാണത്. അപ്ടണ്‍ അത് എനിക്ക് ഒത്തുകളിക്കാന്‍ വേണ്ടിയാണെന്നാണ് കരുതിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഞാന്‍ എത്രത്തോളം വെറുക്കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ധോനിയോ എന്‍. ശ്രീനിവാസനോ ആയിരിക്കും അതിന് കാരണമെന്നാണ് എല്ലാവരും കരുതുക, എന്നാല്‍ സത്യം അതല്ല. എനിക്ക് മഞ്ഞ നിറത്തോടുതന്നെ വെറുപ്പാണ്. ഇതേ കാരണത്താലാണ് ഞാന്‍ ഓസ്‌ട്രേലിയയെ വെറുക്കുന്നത്. മാത്രമല്ല സൂപ്പര്‍ കിങ്‌സിനെതിരേയുള്ള എന്റെ റെക്കോഡ് മികച്ചതായിരുന്നു. അക്കാരണത്താലാണ് അന്ന് ആ മത്സരത്തില്‍ കളിക്കണമെന്ന് ഞാന്‍ വാശിപിടിച്ചത്'', ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്രീശാന്ത്.
വാതുവെയ്പ്പ് വിവാദത്തിനു പിന്നാലെ പോലീസില്‍ നിന്നുമുണ്ടായ മാനസിക പീഡനങ്ങളേക്കാള്‍ വലുതായിരുന്നു ഇരുവരെയും താന്‍ അധിക്ഷേപിച്ചുവെന്ന ആരോപണമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. എത്ര കോടി രൂപ നല്‍കിയാലും ജീവിതത്തില്‍ ഒരിക്കലും താന്‍ വാതുവെയ്പ്പിന് കൂട്ടുനില്‍ക്കില്ലെന്നും ശ്രീശാന്ത് പറയുന്നു.
Content Highlights: S Sreesanth shares his hatred towards MS Dhoni led side Chennai Super Kings