വെല്ലിങ്ടണ്‍: ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരിയപ്പോള്‍ അതില്‍ നിര്‍ണായകമായത് റോസ് ടെയ്‌ലറുടെ സാന്നിധ്യമായിരുന്നു. തിങ്കളാഴ്ച നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 115 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചുകയറിയത്.
ആ മത്സരത്തില്‍ 137 റണ്‍സ് നേടിയതോടെ ഏകദിനത്തിലെ ഒരു നാഴികക്കല്ലും ടെയ്‌ലര്‍ പിന്നിട്ടു. തുടര്‍ച്ചയായ ആറ് ഏകദിനങ്ങളില്‍ അന്‍പതോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡിലേക്ക് തന്റെ പേരും കൂടി ടെയ്‌ലര്‍ ചേര്‍ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറേയും ക്യാപ്റ്റന്‍ വിരാട് കോലിയേയും ഇതോടെ ടെയ്‌ലര്‍ മറികടന്നു. ഇരുവരും ഏകദിനത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ അന്‍പത് പിന്നിട്ടിട്ടുണ്ട്.
ന്യൂസീലന്‍ഡ് താരങ്ങള്‍ തന്നെയായ കെയ്ന്‍ വില്യംസണ്‍, ആന്‍ഡ്രൂ ജോണ്‍സണ്‍, പാകിസ്താന്റെ മുഹമ്മദ് യൂസഫ്, വെസ്റ്റിന്‍ഡീസിന്റെ ഗ്രീനിഡ്ജ്, ഓസ്‌ട്രേലിയയുടെ മാര്‍ക്ക് വോ എന്നിവരും തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ അന്‍പതിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
1987-ല്‍ തുടരെ ഒമ്പതു ഏകദിനങ്ങളില്‍ അന്‍പതിനപ്പുറം സ്‌കോര്‍ ചെയ്ത പാകിസ്താന്‍ താരം ജാവേദ് മിയാന്‍ദാദാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. 137, 90, 54, 86*, 80, 181*, 10, 113, 59, 1 എന്നിങ്ങനെയാണ് കഴിഞ്ഞ 10 ഏകദിനങ്ങളില്‍ ടെയ്‌ലറുടെ സ്‌കോറുകള്‍. കരിയറിലെ 20-ാം ഏകദിന സെഞ്ചുറിയാണ് തിങ്കളാഴ്ച ടെയ്‌ലര്‍ നേടിയത്.
ന്യൂസീലന്‍ഡിന്റെ അടുത്ത ഏകദിന പരമ്പര ഇന്ത്യയ്‌ക്കെതിരേയാണ്. ആദ്യ മത്സരത്തില്‍ അമ്പതിന് മുകളില്‍ ടെയ്‌ലര്‍ക്ക് സ്‌കോര്‍ ചെയ്യാനായാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഒറ്റയ്‌ക്കെത്താനും ടെയ്‌ലര്‍ക്കാകും.
അതേസമയം ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരി. തിങ്കളാഴ്ച നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ 115 റണ്‍സിന് ജയിച്ചു. സ്‌കോര്‍: ന്യൂസീലന്‍ഡ് 50 ഓവറില്‍ നാലിന് 364; ശ്രീലങ്ക 41.4 ഓവറില്‍ 249-ന് പുറത്ത്.
റോസ് ടെയ്‌ലറുടെയും (137) ഹെന്റി നിക്കോള്‍സിന്റെയും (124) സെഞ്ചുറി മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80)യ്ക്ക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് വീഴ്ത്തി.
Content Highlights: ross taylor goes past virat kohli sachin tendulkar