കേരളത്തിന് ഇനി 'ഉത്തപ്പ ടച്ച്'


കെ. സുരേഷ്‌

2 min read
Read later
Print
Share

ഇന്ത്യന്‍ താരമായ ഉത്തപ്പ കേരളത്തിനുവേണ്ടി തിങ്കളാഴ്ച ആദ്യ മത്സരത്തിന് ഇറങ്ങും

കോഴിക്കോട്: അഭ്യന്തര ക്രിക്കറ്റിലെ പുതിയ സീസണില്‍ കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് റോബിന്‍ ഉത്തപ്പയുടെ കരുത്തും. ഇന്ത്യന്‍ താരമായ ഉത്തപ്പ കേരളത്തിനുവേണ്ടി തിങ്കളാഴ്ച ആദ്യ മത്സരത്തിന് ഇറങ്ങും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ തിമ്മപ്പയ്യ ട്രോഫി ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരേ ബാംഗ്ലൂരിലാണ് കളി.

ഇന്ത്യയ്ക്കുവേണ്ടി 59 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മറുനാടന്‍ മലയാളിയായ ഉത്തപ്പ ഈ സീസണിലാണ് കേരളവുമായി കരാറില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച ടീമിനൊപ്പം ചേര്‍ന്നു. ഞായറാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേരള ടീമിനൊപ്പം പരിശീലനത്തിനിറങ്ങി.

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തിയ കേരളത്തിന് ഇക്കുറി അതിലും വലിയ ലക്ഷ്യമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനൊപ്പമുണ്ടായിരുന്ന മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേനയെ ടീമില്‍ നിലനിര്‍ത്തി. തമിഴ്നാട് ബാറ്റ്സ്മാന്‍ അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കി. കഴിഞ്ഞ രണ്ടുസീസണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തിച്ച അന്താരാഷ്ട്ര പരിശീലകന്‍ ഡേവ് വാട്മോര്‍ ഇക്കുറിയും ഒപ്പമുണ്ട്. സഹപരിശീലകരായി സോണി ചെറുവത്തൂരും കെ. രാജഗോപാലും വന്നു.

കര്‍ണാടകക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റോബിന്‍ ഉത്തപ്പയെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞ സീസണില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സൗരാഷ്ട്രയുമായി കരാറിലെത്തിയ ഉത്തപ്പ പരിക്കിലായതിനാല്‍ കുറച്ച് മത്സരങ്ങളേ കളിച്ചുള്ളൂ. പിന്നീട് ഐ.പി.എല്ലില്‍ കൊല്‍ത്തയ്ക്കുവേണ്ടി മോശമല്ലാതെ കളിച്ചു. മുന്‍നിര ബാറ്റ്സ്മാനായിട്ടാകും തിങ്കളാഴ്ച ഇറങ്ങുക. രാഹുല്‍ പി - രോഹന്‍ കുന്നുമ്മല്‍ സഖ്യമാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തത്.

തിമ്മപ്പയ്യ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യം ബംഗാളിനോട് അഞ്ചുവിക്കറ്റിന് ജയിച്ചപ്പോള്‍ കര്‍ണാടകത്തോട് വലിയ മാര്‍ജിനില്‍ തോറ്റു. ഈ സമയം ഉത്തപ്പ ടീമിനൊപ്പമുണ്ടായിരുന്നില്ല. ഹിമാചലിനെതിരേ ജയിച്ചാലും നോക്കൗട്ടിലെത്താന്‍ സാധ്യത കുറവാണ്.

മത്സരം സെപ്റ്റംബര്‍ മുതല്‍

പുതിയ സീസണിലെ ദേശീയ മത്സരങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങും. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള ഏകദിന മത്സരങ്ങളാണ് ആദ്യം. ഇത് സെപ്റ്റംബര്‍ 24-ന് തുടങ്ങും. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് നവംബര്‍ എട്ടിനും രഞ്ജിട്രോഫി ഡിസംബര്‍ ഒമ്പതിനും തുടങ്ങും.

Content Highlights: Robin Uthappa set to play for Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram