ഒമ്പതാമനായി ഇറങ്ങി 16 പന്തില്‍ അമ്പതടിച്ചു; റെക്കോഡ് ഇന്നിങ്‌സുമായി ഹിമാചല്‍ താരം


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ അര്‍ധസെഞ്ചുറിയ്ക്കാണ് ഹിമാചലിലെ ധര്‍മ്മശാല ഗ്രൗണ്ട് വേദിയായത്

ധര്‍മ്മശാല: രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശും ഗോവയും തമ്മില്‍ നടന്ന മത്സരത്തിൽ കണ്ടത് റെക്കോഡ് പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ അര്‍ധസെഞ്ചുറിയ്ക്കാണ് ഹിമാചലിലെ ധര്‍മ്മശാല ഗ്രൗണ്ട് വേദിയായത്. ഹിമാചല്‍ താരം പങ്കജ് ജസ്വാളാണ് ആ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ഉടമ.

ഗോവന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയ പങ്കജ് 16 പന്തില്‍ പന്തില്‍ നിന്ന് അമ്പത് റണ്‍സിലെത്തി. ആകെ 20 പന്ത് നേരിട്ട ഇരുപത്തിരണ്ടുകാരന്‍ നാല് ഫോറിന്റെയും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സടിച്ചു കൂട്ടി.

ജമ്മു കാശ്മീരിന്റെ ബന്‍ദീപ് സിങ്ങിന്റെ പേരിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി. 2015ല്‍ ത്രിപുരയ്‌ക്കെതിരെ 15 പന്തിലാണ് ബന്‍ദീപ് അമ്പത് റണ്‍സടിച്ചത്.

ബൗളറായ പങ്കജ് ഒമ്പതാമനായി ഇറങ്ങിയാണ് റെക്കോഡിട്ടതെന്ന പ്രത്യേകതയുമുണ്ട് ഈ പ്രകടനത്തിന്. പങ്കജ് ക്രീസിലെത്തുമ്പോള്‍ ഏഴു വിക്കറ്റിന് 541 റണ്‍സെന്ന നിലയിലായിരുന്നു ഹിമാചല്‍ പ്രദേശ്. ആദ്യ ഇന്നിങ്‌സില്‍ ഗോവയുടെ നാലു വിക്കറ്റും പങ്കജ് വീഴ്ത്തിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി യുവരാജ് സിങ്ങിന്റെ പേരിലാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടിട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തിലാണ് യുവി അര്‍ധസെഞ്ചുറി നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറു സിക്‌സ് പിറന്ന റെക്കോഡ് ഇന്നിങ്‌സായിരുന്നു അത്.

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി. 16 പന്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഫിഫ്റ്റി. ടെസ്റ്റില്‍ 21 പന്തില്‍ നിന്ന് ഫിഫ്റ്റി അടിച്ച പാക് താരം മിസ്ബാഹുല്‍ ഹഖാണ് ഒന്നാമത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram