രഞ്ജി ട്രോഫി: സിജോമോന് നാലു വിക്കറ്റ്, കേരളം പൊരുതുന്നു


രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: സൗരാഷ്ട്രെക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏഴു റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്.

12 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 29 റണ്‍സുമായി ജലജ് സക്‌സേനയും 27 റണ്‍സെടുത്ത രോഹന്‍ പ്രേമുമാണ് ക്രീസില്‍. നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 225 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 232 റണ്‍സിന് പുറത്തായി.

ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും സ്‌നെല്‍ എസ് പട്ടേലുമാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. റോബിന്‍ ഉത്തപ്പ 86 റണ്‍സും പട്ടേല്‍ 49 റണ്‍സുമടിച്ചു. എന്നാല്‍ പിന്നീട് വന്നവരാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫും മൂന്നു വിക്കറ്റു വീഴ്ത്തിയ ബേസില്‍ തമ്പിയും സൗരാഷ്ട്രയുടെ ഇന്നിങ്‌സിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ അര്‍ധസെഞ്ചുറി നേടി. 104 പന്തില്‍ 68 റണ്‍സാണ് സഞ്ജു അടിച്ചത്. ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ കേരളത്തിന്റെ ഇന്നിങ്‌സ് 225 റണ്‍സിലൊതുക്കുകയായിരുന്നു.

Content Highlights: Ranji Trophy Kerala vs Saurashtra Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram