രഞ്ജിയില്‍ കേരളത്തിന് മേല്‍ക്കൈ; നാല് റണ്‍സിനിടെ ഹരിയാണയുടെ നാല് വിക്കറ്റ് വീണു


നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവില്‍ കേരളം ഹരിയാണയെ 208 റണ്‍സിന് പുറത്താക്കുകയായിരുന്നു

റോത്തക്ക്: രഞ്ജി ട്രോഫിയില്‍ ഹരിയാണക്കെതിരെ കേരളത്തിന് മേല്‍ക്കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സടിച്ചിട്ടുണ്ട്. ഹരിയാണയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് അഞ്ചു റണ്‍സ് കൂടി മതി.

ഹരിയാണയെ 208 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ മൂന്നു റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക് പുറത്തായി. എന്നാല്‍ പിന്നീട് ജലജ് സക്‌സേനയും രോഹന്‍ പ്രേമും രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 172 റണ്‍സാണ് സ്‌കോറിനൊപ്പം ചേര്‍ത്തത്. 205 പന്ത് നേരിട്ട ജലജ് 91 റണ്‍സടിച്ച് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 16 റണ്‍സെടുത്തും പുറത്തായി.

കളി നിര്‍ത്തുമ്പോള്‍ രോഹന്‍ പ്രേമും ബേസില്‍ തമ്പിയുമാണ് ക്രീസില്‍. രോഹന്‍ 273 പന്തില്‍ 79 റണ്‍സെടുത്ത് നില്‍ക്കുകയാണ്. 10 പന്ത് നേരിട്ട ബേസില്‍ അക്കൗണ്ട് തുറന്നിട്ടില്ല.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവില്‍ കേരളം ഹരിയാണയെ 208 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടയിലാണ് ഹരിയാണക്ക് അവസാന നാല് വിക്കറ്റും നഷ്ടമായത്. 40 റണ്‍സെടുത്ത ജി.എ സിങ്ങും 46 റണ്‍സടിച്ച രജത് പലിവാലും ഹരിയാണയുടെ ഇന്നിങ്‌സില്‍ ചെറുത്ത്‌നില്‍പ്പ് നടത്തി.

അഞ്ചു മത്സരങ്ങളില്‍ നാലു ജയവും ഒരു തോല്‍വിയുമായി 24 പോയന്റോടെ കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. നാലു വിജയമടക്കം 27 പോയന്റുമായി ഗുജറാത്ത് ഒന്നാമതും മൂന്നുകളിയില്‍ 23 പോയന്റുമായി സൗരാഷ്ട്ര മൂന്നാമതും നില്‍ക്കുന്നു.

കേരളത്തിനും ഗുജറാത്തിനും ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്താം. എന്നാല്‍, സൗരാഷ്ട്രയ്ക്ക് മറ്റു ടീമുകളുടെ ഫലത്തെക്കൂടി ആശ്രയിക്കണം. അഞ്ചു കളിയില്‍ ഒമ്പതുപോയന്റുമായി അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ഹരിയാണയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചുകഴിഞ്ഞു.

Content Highlights: Ranji Trophy Kerala vs Haryana Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram