ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ ഗുജറാത്ത് ചരിത്ര വിജയം സ്വന്തമാക്കിയതില്‍ ആര്‍.പി സിങ്ങെന്ന ബൗളറുടെ പ്രകടനം വിസ്മരിക്കാനാകില്ല. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 41 തവണ ചാമ്പ്യന്‍മാരായ മുംബൈയിയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് കിരീടം ചൂടിയപ്പോള്‍ അത് ആര്‍.പി സിങ്ങിന്റെ മികവിന്റെ കൂടി വിജയമായിരുന്നു. എന്നാല്‍ അതേ ആര്‍.പി സിങ്ങ് തന്നെ ആ കിരീട വിജയത്തിന്റെ നിറം കെടുത്തി.
ഇന്ത്യയുടെ പേസ് ബൗളര്‍ ആരാധകനോടുള്ള പെരുമാറ്റ രീതിയിലൂടെയാണ് ചരിത്ര വിജയത്തിനിടെ പാര്‍ഥിവ് പട്ടേലിന്റെ ഗുജറാത്ത് ടീമിനും രഞ്ജി ട്രോഫിക്കും കല്ലു കടിയായത്. മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികില്‍ നില്‍ക്കുകയായിരുന്ന ആര്‍.പി സിങ്ങിനോട് ആരാധകര്‍ സെല്‍ഫിയെടുക്കാനുള്ള ആഗ്രഹം അറിയിച്ചു. എന്നാല്‍ ആര്‍.പി സിങ്ങ് അത് കാര്യമാക്കിയില്ല. ആരാധകര്‍ കമ്പിവേലിക്കിടയിലൂടെ മൊബൈല്‍ നീട്ടി സെല്‍ഫിക്കായി വീണ്ടും അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് ദേഷ്യം വന്ന ആര്‍.പി സിങ്ങ് ഒരു ആരാധകന്റെ കൈയില്‍ നിന്ന് തന്ത്രപൂര്‍വം ഫോണ്‍ തട്ടിപ്പെറിച്ച് ഗ്രൗണ്ടിലേക്ക് എറിഞ്ഞു.
ഈ സീസണില്‍ ഗുജറാത്തിനായി 25.44 ശരാശരിയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് ആര്‍.പി സിങ്ങ്. ഫൈനലില്‍ മുംബൈയുടെ നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.പി സിങ്ങ് ജാര്‍ഖണ്ഡിനെതിരായ സെമിയില്‍ ഒമ്പത് വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. 14 ടെസ്റ്റുകളിലും 58 ഏകദിനങ്ങളിലും 10 ടിട്വന്റിയിലും മുപ്പത്തിയൊന്നുകാരനായ ആര്‍.പി സിങ്ങ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Snatch n throw- cricketer RP Singh's response to a Fan's repeated selfie request. #RanjiTrophy#Indore
(Video-@manojkhandekar ) pic.twitter.com/KiSZ9BcIh0
— Kalpak Kekre (@Kalpakkekre) 14 January 2017