റോത്തക്ക്: കേരളത്തിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാണക്ക് ബാറ്റിങ് തകര്‍ച്ച. മത്സരം 55 ഓവര്‍ പിന്നിട്ടപ്പോള്‍ 135 റണ്‍സെടുക്കുന്നതിനിടയില്‍ ഹരിയാണക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ഓപ്പണിങ് വിക്കറ്റില്‍ ജി.എ സിങ്ങും റോഹിലയും ചേര്‍ന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് ഹരിയാണ തകരുകയായിരുന്നു. 40 റണ്‍സെടുത്ത സിങ്ങിനെ പുറത്താക്കി ജലജ് സക്സേനയാണ് ആ കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെ 36 റണ്‍സെടുത്ത റോഹിലയും പുറത്തായി. ബിഷ്നോയി 14 റണ്‍സിനും ചൗഹാന് നാല് റണ്‍സിനും ക്രീസ് വിട്ടു. ആര്.പി ശര്‍മ്മയുടെ സംഭാവന 13 റണ്‍സായിരുന്നു.
ഹരിയാണയിലെ ലാഹ്ലിയില് ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഞ്ചു മത്സരങ്ങളില്‍ നാലു ജയവും ഒരു തോല്‍വിയുമായി 24 പോയന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്. നാലുവിജയമടക്കം 27 പോയന്റുമായി ഗുജറാത്ത് ഒന്നാമതും മൂന്നുകളിയില് 23 പോയന്റുമായി സൗരാഷ്ട്ര മൂന്നാമതും നില്ക്കുന്നു.
കേരളത്തിനും ഗുജറാത്തിനും ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്താം. എന്നാല്‍, സൗരാഷ്ട്രയ്ക്ക് മറ്റു ടീമുകളുടെ ഫലത്തെക്കൂടി ആശ്രയിക്കണം. അഞ്ചു കളിയില്‍ ഒമ്പതുപോയന്റുമായി അഞ്ചാം സ്ഥാനത്തുനില്ക്കുന്ന ഹരിയാണയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചുകഴിഞ്ഞു.
Content Highlights: Ranji Trophy Cricket Kerala vs Haryana Sanju Samson