തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് റൗണ്ടില്‍ ഡെല്‍ഹിക്കെതിരേ കേരളം ഇന്നിങ്‌സ് ജയത്തിലേയ്ക്ക്. 320 റണ്‍സ് എന്ന കേരളത്തിന്റെ സ്‌കോറിനെ ഫോളോ ഓണ്‍ ചെയ്യുന്ന ഡെല്‍ഹി രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒന്നാമിന്നിങ്‌സില്‍ 139 റണ്‍സിന് ഓള്‍ഔട്ടായ ഡെല്‍ഹി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ്. ഇനി രണ്ട് ദിവസത്തെ കളി കൂടി ബാക്കിയിരിക്കേ കേരളത്തേക്കാള്‍ 140 റണ്‍സ് പിറകിലാണ് ഡെല്‍ഹി.
പതിമൂന്ന് റണ്‍സെടുത്ത ധ്രുവ് ഷേറെയും രണ്ട് റണ്‍സെടുത്ത അനുജ് റാവത്തുമാണ് ഡല്‍ഹിയുടെ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ക്രീസിലുള്ളത്.
സന്ദീപ് വാര്യരുടെയും ബേസില്‍ തമ്പിയുടെയും ബൗളിങ്ങിന് മുന്നിലാണ് ഡെല്‍ഹി രണ്ടാമിന്നിങ്‌സിലും ദയനീയമായി തകര്‍ന്നത്. വസിഷ്ഠ് (0), സാര്‍ഥക് രാജന്‍ (4), ഹിതെന്‍ (14), വൈഭവ് റാവല്‍ (0), ജോണ്ടി സിദ്ദു (6) എന്നിവരാണ് പുറത്തായത്. കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.
ഏഴിന് 291 റണ്‍സ് എന്ന നിലയി ബാറ്റിങ് ആരംഭിച്ച കേരളം 95.3 ഓവറിലാണ് ഓള്‍ഔട്ടായത്. 77 റണ്‍സ് വീതമെടുത്ത രാഹുലും മനോഹരനുമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍മാര്‍. ജലജ് സക്‌സേന 68 റണ്‍സെടുത്തു.
Content Highlights: Ranji Trophy Cricket Kerala vs Delhi