സിഡ്നി: ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെ ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു.
ഇതോടെ ഡിസംബര്‍ 6-ന് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ക്രിക്കറ്റ് ഓസ്ട്രേലിയ താരം മാക്സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വിയെ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ എടുത്താണ് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയ താരത്തെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. ക്രച്ചസിന്റെ സഹായത്തോടെയാണ് താരം ഇപ്പോള്‍ നടക്കുന്നത്. താരത്തിന്റെ അഭാവത്തില്‍ ലോകേഷ് രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി പൃഥ്വി റെക്കോഡിട്ടിരുന്നു. സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് പരിക്കേല്‍ക്കുന്നത്.
Content Highlights: Prithvi Shaw ruled out of first Test after suffering ankle injury