രാഹുല്‍ ദ്രാവിഡിന്റെ 'യെസ്'ചരിത്രത്തിലേക്കായിരുന്നു. രഞ്ജി ക്രിക്കറ്റ് സെമി ഫൈനലില്‍ തമിഴ്നാടിനെതിരായ മത്സരത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ചീഫ് സെലക്ടര്‍ മിലിന്ദ് റീഗെ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍ ദ്രാവിഡിനെ ഫോണില്‍ വിളിക്കുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് പതിനേഴുകാരന്‍ പ്രൃഥ്വി ഷായെ പരിഗണിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞായിരുന്നു വിളി.
ദ്രാവിഡ് യെസ് മൂളിയതോടെ മിലിന്ദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യ ഇലവനിലേക്കാണ് കൗമാരതാരം നടന്നുകയറിയത്. ഇതിഹാസതാരത്തിന്റെ വിശ്വാസത്തോട് സെഞ്ചുറി നേടിയാണ് പ്രൃഥ്വി നീതി പുലര്‍ത്തിയത്. തമിഴ്നാടിനെതിരെ രണ്ടാം ഇന്നിങ്സില്‍ ഓപ്പണറായി ഇറങ്ങി 120 റണ്‍സ് നേടി ടീമിനെ ജയത്തിലേക്ക് നയിക്കുക മാത്രമല്ല രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 13-ാമത്തെ താരവുമായി. മുമ്പ് സച്ചിനും അമോല്‍ മജൂംദാറുമൊക്കെ സ്വന്തമാക്കിയ നേട്ടത്തിനൊപ്പം.
152 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് കന്നി സെഞ്ചുറി ഷാ നേടിയത്. സ്ഥിരം ഓപ്പണര്‍ അഖില്‍ ഹാല്‍ദിപൂരിനേറ്റ പരിക്കാണ് മുംബൈ ടീം മാനേജ്മെന്റിനെ പുതിയ താരത്തിനുള്ള അന്വേഷണത്തിലേക്കെത്തിച്ചത്. അടുത്തിടെ അണ്ടര്‍-19 ഏഷ്യകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പ്രൃഥ്വി ഷാ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സും നേടി. ടീമിന്റെ പരിശീലകന്‍ ദ്രാവിഡായിരുന്നു.
താരത്തിന്റെ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞതാണ് മുംബൈ ടീമിലേക്ക് ധൈര്യമായി നിര്‍ദേശിക്കാന്‍ പരിശീലകനെ പ്രേരിപ്പിച്ചത്. ദ്രാവിഡിന്റെ തീരുമാനം പിഴച്ചതുമില്ല. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ പ്രൃഥ്വിയുടെ പേരിലായിരുന്നു. ഹാരീസ് ഷീല്‍ഡ് കപ്പില്‍ റിസ്വിസ് പ്രിങ്ഫീല്‍ഡിനായി 330 പന്തില്‍നിന്ന് 546 റണ്‍സാണ് സ്‌കോര്‍ചെയ്തത്. മറ്റൊരു മുംബൈ താരം പ്രണവ് ധാന്‍വാഡെ 1009 റണ്‍സ് നേടിയതോടെയാണ് റെക്കോഡ് തകര്‍ന്നത്.