രാജ്‌കോട്ട്: ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഏതൊരു യുവതാരത്തിനും അമ്പരപ്പും ആശങ്കയുമുണ്ടാകും. ചിലപ്പോള്‍ സീനിയര്‍ ടീമംഗങ്ങളോട് സംസാരിക്കാതെ പേടിച്ചുനില്‍ക്കും. ഇവരെ ടീമിന്റെ ഭാഗമാക്കിയെടുക്കുക എന്നത് അല്‍പം പ്രയാസപ്പെട്ട പണി തന്നെയാണ്. ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിറങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്കും ഈ പ്രശ്‌നമുണ്ടായിരുന്നു.
എന്നാല്‍ പൃഥ്വി ഷായുടെ ഈ പേടി മാറ്റാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈയില്‍ ഒരു സൂത്രമുണ്ടായിരുന്നു. ടെസ്റ്റിന് മുമ്പ് രാജ്‌കോട്ടിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനറങ്ങിയപ്പോള്‍ കോലി യുവതാരവുമായി കുറേനേരം സംസാരിച്ചു. അതും പൃഥ്വി ഷായുടെ മാതൃഭാഷയായ മറാഠിയില്‍. ഇതോടെ മുംബൈ താരത്തിന്റെ പേടിയും പതര്‍ച്ചയുമെല്ലാം മാറി.
കളിക്കിടയില്‍ വിരാട് കോലി കാര്‍ക്കശ്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പരിശീലന സമയത്തൊക്കെ അദ്ദേഹം തമാശക്കാരനാണ്. മറാഠിയിലാണ് എന്നോടു സംസാരിച്ചത്. അത്രയ്ക്ക് വലിയ അറിവില്ലെങ്കിലും കഷ്ടപ്പെട്ട് മറാഠി സംസാരിച്ചു. ഇതുകേട്ട് എനിക്ക് ചിരിയും വന്നു. ബി.സി.സി.ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പതിനെട്ടുകാരന്‍ പറയുന്നു.
ഡ്രസ്സിങ് റൂമിലെത്തിയത് പേടിയോടെയായിരുന്നു. എന്നാല്‍ അവിടെ സീനിയര്‍-ജൂനിയര്‍ വ്യത്യാസവും വേര്‍തിരിവുമൊന്നുമില്ലെന്ന് വിരാട് ഭായിയും രവി സാറും പറഞ്ഞു. അതെനിക്ക് ആശ്വാസമായി. നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. രഞ്ജി ട്രോഫിയിലും മറ്റും കളിച്ചപോലെ ആസ്വദിച്ച് കളിച്ചാല്‍ മതിയെന്ന് രവി സാര്‍ പറഞ്ഞു. ആ പരിശീലന ദിവസം ഒരിക്കലും മറക്കില്ല. പൃഥ്വി ഷാ കൂട്ടിച്ചേര്‍ത്തു
രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ ടെസ്റ്റിലും സെഞ്ചുറിയുമായാണ് അരങ്ങേറിയത്. ഒപ്പം ഒരുപിടി റെക്കോഡുകളും സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Prithvi Shaw on match practice session and indian team