ആരും കൊതിച്ചുപോകുന്ന ഒരു അരങ്ങേറ്റത്തിനായിരുന്നു രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായത്. 99 പന്തില്‍ പതിനെട്ടുകാരന്‍ പൃഥ്വി ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഒപ്പം പിറന്നത് ഒരുപിടി റെക്കോഡുകളും. 18 വയസ്സും 329 ദിവസവും പ്രായമുള്ള പൃഥ്വി ഷാ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ആദ്യം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശിയ യുവതാരം 99 പന്തില്‍ ശതകം പൂര്‍ത്തിയാക്കി. 15 ഫോറുകളടങ്ങുന്നതായിരുന്നു പൃഥ്വിയുടെ സെഞ്ചുറി ഇന്നിങ്‌സ്. ഇതോടെ ആദ്യ ടെസ്റ്റില്‍ തന്നെ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും പതിനെട്ടുകാരന്‍ സ്വന്തമാക്കി. ഇതിന് മുമ്പ് 2013-ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിര 85 പന്തില്‍ നിന്ന് ശിഖര്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. 2004-ല്‍ കേപ് ടൗണില്‍ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്ത് 93 പന്തില്‍ നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് പതിനെട്ടുകാരന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡും പൃഥ്വി ഷാ സ്വന്തമാക്കി.
അതു മാത്രമല്ല, ലോക ക്രിക്കറ്റില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമെന്ന റെക്കോഡും ഈ മുംബൈക്കാരന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
ബംഗ്ലാദേശിന്റെ മുഹമ്മദ് അഷ്‌റഫുള്‍, പാകിസ്താന്റെ മുഷ്താഖ് മുഹമ്മദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സിംബാബ്‌വെയുടെ ഹാമില്‍ട്ടന്‍ മസാകദ്‌സ, പാകിസ്താന്റെ ഇമ്രാന്‍ നസീര്‍, സലീം മാലിക്ക് എന്നിവരാണ് പൃഥ്വി ഷായ്ക്ക് മുന്നിലുള്ളത്.
ഇത് ആദ്യമായല്ല ഈ യുവതാരം അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്നത്. നേരത്തെ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറിയോടെയാണ് പൃഥ്വി അരങ്ങേറിയത്.
Content Highlights: Prithvi Shaw Makes History, Becomes Youngest Indian To Score Test Century On Debut