10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സച്ചിന്‍ പറഞ്ഞു; 'ഇവന്‍ ഒരിക്കല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കും'


2 min read
Read later
Print
Share

സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിച്ചാല്‍ മതിയെന്നും ഏതെങ്കിലും പരിശീലകന്‍ ശൈലി മാറ്റാന്‍ പറഞ്ഞാല്‍ അത് അനുസരിക്കേണ്ട കാര്യമില്ലെന്നും സച്ചിന്‍ പൃഥ്വി ഷായെ ഉപദേശിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ നാലും അഞ്ചും ടെസ്റ്റിനുള്ള ഇന്ത്യയുടെ പതിനട്ടംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരാള്‍ പൃഥ്വി ഷായാണ്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് ഈ യുവതാരം. എന്നാല്‍ ആരാധകര്‍ മറന്നുപോയൊരു കാര്യമുണ്ട്. പൃഥ്വി ഷാ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ക്രിക്കറ്റ് താരം പ്രവചിച്ചിരുന്നു. മറ്റാരുമല്ല, സച്ചിന്‍ തെണ്ടുല്‍ക്കര്‍!

പൃഥ്വി ഷായ്ക്ക് എട്ടു വയസ്സുള്ളപ്പോഴായിരുന്നു അത്. ഒരു ലോക്കല്‍ ടൂര്‍ണമെന്റിനിടെ പൃഥ്വി ഷായുടെ ബാറ്റിങ് സച്ചിന്‍ കണ്ടിരുന്നു. അന്നത്തെ അവന്റെ പ്രകടനം കണ്ട് സച്ചിന്‍ മനസ്സിലുറപ്പിച്ചു; ഇവന്‍ ഒരിക്കല്‍ ഇന്ത്യക്ക് വേണ്ടി കളിക്കും. ആ ദീര്‍ഘ വീക്ഷണം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയായണ്. 100MB app-ലൂടെ ആരാധകരുമായി നടത്തിയ തത്സമയ സംവാദത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. നീ ആ പൃഥ്വി ഷായുടെ കളി ഒന്ന് കാണെന്ന്. അവന്റെ കളി വിശകലനം ചെയ്ത് എന്തെങ്കിലും രീതിയില്‍ കളിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് നിര്‍ദേശിക്കാനും ആ സുഹൃത്ത് പറഞ്ഞു. ഞാന്‍ പൃഥ്വി ഷായുമായി സംസാരിച്ചു. എവിടെയൊക്കെ മാറ്റം വരുത്തണമെന്ന് പറഞ്ഞുകൊടുത്തു. ഞാന്‍ പിന്നീട് എന്റെ സുഹൃത്തിനോട് പറഞ്ഞു; അവന്‍ ഒരിക്കല്‍ ഇന്ത്യക്ക് വേണ്ടി കളിക്കും. എനിക്കുറപ്പുണ്ടെന്ന്.'

സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിച്ചാല്‍ മതിയെന്നും ഏതെങ്കിലും പരിശീലകന്‍ ശൈലി മാറ്റാന്‍ പറഞ്ഞാല്‍ അത് അനുസരിക്കേണ്ട കാര്യമില്ലെന്നും സച്ചിന്‍ പൃഥ്വി ഷായെ ഉപദേശിച്ചിരുന്നു.

പതിനാലാം വയസ്സില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് പൃഥ്വി ഷാ. ഹാരിസ് ഷീല്‍ഡില്‍ 330 പന്തില്‍ 546 റണ്‍സ് അടിച്ചായിരുന്നു പൃഥ്വി ഷായുടെ ക്രിക്കറ്റിലേക്കുള്ള വരവ്. പിന്നീട് 2017-ലെ അണ്ടര്‍-19 ക്രിക്കറ്റില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. അതിനുശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ പ്രകടനം തുടര്‍ന്നു.

14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 56.72 ശരാശരിയില്‍ 1418 റണ്‍സ് പൃഥ്വി ഷാ നേടിയിട്ടുണ്ട്. ഇന്ത്യ എ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു സെഞ്ചുറിയാണ് യുവതാരം അടിച്ചെടുത്തത്.

Content Highlights: Prithvi Shaw is going to play for India one day predicted Sachin Tendulkar 10 years ago

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram