മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ ശരീരത്തില്‍ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി.സി.സി.ഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ കൗമാര താരം പൃഥ്വി ഷാ.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. '' ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു'', ഷാ പറഞ്ഞു.
മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് പൃഥ്വി ഷായെ ബി.സി.സി.ഐയുടെ വിലക്കിയത്.
കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഇത് അശ്രദ്ധമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. 2019 നവംബര്‍ 15 വരെയാണ് ഷായുടെ വിലക്ക്. അടുത്തിടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷായെ തിരഞ്ഞെടുത്തിരുന്നില്ല.
ഈ വര്‍ഷം ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഷാ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചതിലാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എല്ലാ മത്സര ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരകളും താരത്തിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്.
വാഡ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടെര്‍ബുട്ടാലൈന്‍ ഘടകമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ചുമയ്ക്കായി മരുന്ന് കഴിച്ചിരുന്നുവെന്നും അബന്ധത്തില്‍ സംഭവിച്ചതാണ് ഇക്കാര്യമെന്നുമാണ് ഷാ നല്‍കിയ വിശദീകരണം. മരുന്നിലെ ഘടകങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഷാ വ്യക്തമാക്കി.
അതേസമയം ഷായുടെ വിശദീകരണം തൃപ്തികരമാണെന്നും പ്രകടനം മെച്ചപ്പെടുത്താനായിട്ടല്ല ടെര്‍ബുട്ടാലൈന്‍ ഉപയോഗിച്ചതെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചാല്‍ ബി.സി.സി.ഐ എ.ഡി.ആര്‍ നിയമപ്രകാരം സാധാരണ എട്ടുമാസമാണ് വിലക്ക് ലഭിക്കുക. എന്നാല്‍ താരത്തിന്റെ വിശദീകരണം തൃപ്തികരമായതോടെ വിവേചനാധികാരം വെച്ച് മാര്‍ച്ച് 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്ക് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2018-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2018 ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഷാ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരുന്നു.
Content Highlights: Prithvi Shaw clarifies after 8 month ban for doping violation