ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം സെഞ്ചുറിയെന്ന മോഹം പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പൃഥ്വി ഷാ ക്രീസ് വിട്ടത്. രാജ്‌കോട്ടിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് അരങ്ങേറ്റത്തില്‍ തന്നെ ഒരുപിടി റെക്കോഡുകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത പൃഥ്വി ഷാ ഹൈദരാബാദില്‍ ടിട്വന്റി ശൈലിയിലുള്ള ബാറ്റിങ്ങിലൂടെയാണ് താരമായത്. 39 പന്തില്‍ നിന്നായിരുന്നു പതിനെട്ടുകാരന്റെ അതിവേഗ സെഞ്ചുറി.
വിന്‍ഡീസിനെ 311 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷാ നയം വ്യക്തമാക്കി. ആദ്യ ഓവറില്‍ തന്നെ ഷാനോണ്‍ ഗബ്രിയേലിനെ സിക്‌സിനും ഫോറിനും പറത്തിയ യുവതാരം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത് 15 റണ്‍സാണ്. ഇതി ടി ട്വന്റിയോണോയെന്ന് ആരാധകര്‍ക്ക് ആ നിമിഷം സംശയം തോന്നിയിട്ടുണ്ടാകും. ഒപ്പം വീരേന്ദര്‍ സെവാഗിന്റെ റെക്കോഡിനൊപ്പവും മുംബൈ താരമെത്തി. 2000-ത്തിന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സ് അടിക്കുന്ന രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ. ഇതിന് മുമ്പ് 2008-ല്‍ സെവാഗ് ഈ നേട്ടം കൈവരിച്ചിരുന്നു.
പിന്നീട് കെ.എല്‍ രാഹുലിനെ കാഴ്ച്ചക്കാരനാക്കി ഷാ തകര്‍ത്തടിച്ചു. അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡുയരാന്‍ തുടങ്ങി. ഓപ്പണിങ് വിക്കറ്റില്‍ രാഹുലിനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ നാല് റണ്‍സായിരുന്നു, ആ സമയം പൃഥ്വി ഷായുടെ സ്‌കോര്‍ 42ഉം!
സെഞ്ചുറിയിലേക്ക് കുതിച്ച ഷാ ഒരു നിമിഷത്തെ അശ്രദ്ധയില്‍ ജോമല്‍ വറീകന്റെ പന്തില്‍ പുറത്തായി. ഹെറ്റ്‌മെയര്‍ക്ക് ക്യാച്ചെടുക്കുമ്പോള്‍ 53 പന്തില്‍ 70 റണ്‍സ് ഷാ അടിച്ചെടുത്തിരുന്നു. 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്‌സ്. ഒപ്പം ഏകദിനവും ടിട്വന്റിയും തനിക്ക് വഴങ്ങുമെന്ന് ഷാ തെളിയിച്ചു.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുമായാണ് വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പൃഥ്വി ഷാ അരങ്ങേറിയത്. അന്ന് രാജ്‌കോട്ടില്‍ 99 പന്തില്‍ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പുറത്താകുമ്പോള്‍ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സ് ഷായുടെ അക്കൗണ്ടിലെത്തിയിരുന്നു.
Content Highlights: Prithvi Shaw Batting Style India vs West Indies Second Test