ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ ജയം സ്വന്തമാക്കി ശ്രീലങ്ക. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് എന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്.
സെഞ്ചുറിയുമായി പുറത്താകാതെ നിന്ന കുശാല്‍ പെരേയുടെ ഒറ്റയാള്‍ പ്രകടനമാണ് ലങ്കയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് താരം പുറത്തെടുത്തത്. 200 പന്തുകളില്‍ നിന്ന് ആറു സിക്‌സും 12 ബൗണ്ടറികളും സഹിതം പെരേര 153 റണ്‍സെടുത്തു.
മുന്‍നിരയും മധ്യനിരയും തകര്‍ന്ന ശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് പെരേര നടത്തിയ ചെറുത്തുനില്‍പ്പാണ് ലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ ജയമൊരുക്കിയത്. 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 235 & 259. ശ്രീലങ്ക 191 & 304/9.
അവസാന വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കുശാല്‍ പെരേര ലങ്കയെ വിജയത്തിലെത്തിച്ചത്. പെരേര തന്നെയാണ് കളിയിലെ താരവും. 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കായി ആറാം വിക്കറ്റില്‍ പെരേര-ധനഞ്ജയ ഡിസില്‍വ സഖ്യം 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
അഞ്ചിന് 206 എന്ന നിലയിലായിരുന്നു അപ്പോള ലങ്ക. എന്നാല്‍ കേശവ് മഹരാജിന്റെ തുടര്‍ച്ചയായ രണ്ടു വിക്കറ്റു നേട്ടം ലങ്കയെ പിന്നോട്ടടിച്ചു. ഒമ്പതിന് 226 എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ടിടത്തു നിന്നാണ് പെരേരയും വിശ്വ ഫെര്‍ണാണ്ടോയും ഒന്നിക്കുന്നത്.
ദിമുത്ത് കരുണരത്‌നെ (20), ലഹിരു തിരുമാനെ (21), ഒഷാദ ഫെര്‍ണാണ്ടോ (37) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലങ്കന്‍ നിരയില്‍ അഞ്ചുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.
Content Highlights: perera s 153 takes sri lanka to miraculous one wicket win at durban