ധാക്ക: ബൗളര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അപ്രതീക്ഷിത തെറ്റുകള്‍ കാണികളെയും സഹതാരങ്ങളെയും ഒരുപോലെ അദ്ഭുതപ്പെടുത്താറുണ്ട്. ചില പന്തുകള്‍ കണ്ടാല്‍ ഇത് എന്ത് ഏറാണെന്ന് നമ്മള്‍ കളി കാണുന്നതിനിടയില്‍ പറയാറുമുണ്ട്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമ്മിന്‍സ് അത്തരത്തില്‍ ഒരു പന്ത് എറിഞ്ഞു. കുമ്മിന്‍സ് ശരിക്കും ഒരു ബൗളര്‍ തന്നെയാണോ എന്ന് സംശയമുണ്ടാക്കുന്നതായിരുന്നു ആ പന്ത്. ബംഗ്ലാദേശിന്റെ ഇന്നിങ്‌സിനിടയില്‍ കൈവിട്ടു വന്ന ആ പന്ത് പിച്ചില്‍ തൊടാതെ നേരെ ഗള്ളിയിലാണ് എത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ മോശം പന്തുകളിലൊന്നായാണ് ആരാധകര്‍ അതിനെ വിലയിരുത്തുന്നത്.
ബ്ംഗ്ലാദേശ് ഇന്നിങ്‌സിന്റെ 67-ാം ഓവറിലായിരുന്നു ആ സംഭവം. നാസര്‍ ഹുസൈനായിരുന്നു ക്രീസില്‍. ഓടി വന്ന കുമ്മിന്‍സിന്റെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോയി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പന്ത് നേരെ ഗള്ളിയിലുണ്ടായിരുന്ന ഫീല്‍ഡറുടെ അടുത്താണ് എത്തിയത്.
അത് വൈഡാണോ ഡെഡ് ബോളാണോ വിളിക്കേണ്ടത് എന്നറിയാതെ അമ്പയര്‍ നിഗെല്‍ ലോങ് കുഴങ്ങി. രണ്ടാം അമ്പയറുമായി ചര്‍ച്ച ചെയ്ത ശേഷം നോ ബോള്‍ വിളിച്ചു. അമ്പയറുടെ ഈ ആശയക്കുഴപ്പം ഗാലറിയിലും കളിക്കാരിലും ഒരുപോലെ ചിരി പടര്‍ത്തി.
ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരെ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സാണ് എടുത്തത്. 43 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ന്ന് 265 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 109 എന്ന നിലയിലാണ്.