ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തില്‍ ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സും ഗ്ലെന്‍ മാക്‌സ്‌വെല്ലും വിലപിടിച്ച താരങ്ങള്‍. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള പാറ്റ് കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അത്രതന്നെ അടിസ്ഥാന വിലയുണ്ടായിരുന്ന മാക്‌സ്‌വെലിനെ 10.75 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചു.
ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസാണ് ഉയര്‍ന്ന തുക ലഭിച്ച മറ്റൊരു താരം. 10 കോടിയ്ക്ക് മോറിസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്രലിനെ 8.5 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. നേഥന്‍ കൂള്‍ട്ടര്‍നീല്‍ 8 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍ എത്തി.
ഇംഗ്ലണ്ട് താരങ്ങളായ സാം കറന്‍, ഒയിന്‍ മോര്‍ഗന്‍ എന്നിവരാണ് 5 കോടിക്ക് മുകളില്‍ ലഭിച്ച് മറ്റ് രണ്ട് പേര്‍. ചെന്നൈയില്‍ 5.5 കോടിക്ക് കറനെയും 5.25 കോടിക്ക് കൊല്‍ക്കത്ത മോര്‍ഗനേയും സ്വന്തമാക്കി. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ 4.40 കോടിക്ക് റായല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയെ 4 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. റോബിന്‍ ഉത്തപ്പ, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ക്ക് മൂന്നു കോടി രൂപ വീതമാണ് ലഭിച്ചത്. ഇരുവരെയും രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കി. യൂസഫ് പത്താനെയും ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാര്‍റ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെയും ആരും ലേലത്തില്‍ വിളിച്ചില്ല.
Content Highlights: Pat Cummins becomes most expensive foreign in IPL auctions