ലാഹോര്‍: യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആവേശം ഒട്ടും കുറയ്ക്കാത്തവയാണ്. ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ ആവേശത്തോടെയാണ് ഓരോ മത്സരങ്ങളും കാണുന്നത്. തിങ്കളാഴ്ച ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ മത്സരം ഇത്തരത്തില്‍ ഏറെ ആവേശമുണര്‍ത്തുന്നതായിരുന്നു.
തോല്‍വിയുടെ വക്കില്‍ നിന്ന് പാകിസ്താന്‍ ജയിച്ച ആ മത്സരത്തിന്റെ ആവേശം പക്ഷേ പണിയായത് പാകിസ്താനിലെ പ്രമുഖ ടിവി ചാനലായ സാമാ ടിവിയിലെ അവതാരകനാണ്. ആവേശം അവസാന ഓവറിലേക്കു നീണ്ട മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് പാക് പട ജയിച്ചത്.
ഷോയിബ് മാലിക്കിന്റെ അവസാന നിമിഷങ്ങളിലെ മികച്ച ബാറ്റിങ്ങാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഈ മത്സരത്തെ കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടയില്‍ പാക് ടെലിവിഷന്‍ അവതാരകന്‍ ആവേശഭരിതനാവുകയും ആളുകള്‍ കാണുന്നവിധത്തില്‍ സീറ്റിലിരുന്ന് ലൈവില്‍ അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു.
ഇടവേളയ്ക്ക് ശേഷം വാര്‍ത്താ പ്രൊഡ്യൂസര്‍ ഓണ്‍ എയറാക്കിയത് അറിയാതെയായിരുന്നു അവതാരകന്റെ ഈ പ്രവൃത്തി. പറഞ്ഞിട്ടെന്താ വാര്‍ത്താ അവതാരകന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: pakistan anchor makes obscene gesture on air