ഗയാന: ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഓഗസ്റ്റ് 22-ന് ആന്റിഗ്വയില്‍ തുടക്കമാകും. നേരത്തെ ലോകകപ്പോടെ വിരമിക്കുമെന്ന് പറഞ്ഞിരുന്ന ഗെയ്ല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ഒരു ടെസ്റ്റിലെങ്കിലും കളിച്ച ശേഷം വിരമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗെയ്‌ലിന് അവസരം നല്‍കേണ്ടെന്ന തീരുമാനമാണ് സെലക്ഷന്‍ കമ്മിറ്റി കൈക്കൊണ്ടത്.
26-കാരനായ ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. വിന്‍ഡീസ് എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് കോണ്‍വാളിന് ടെസ്റ്റ് ടീമിലേക്കുള്ള വഴിയൊരുക്കിയത്. 2014-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോണ്‍വാള്‍ 55 മത്സരങ്ങളില്‍ നിന്ന് 260 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും അടക്കം 2224 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചെയ്‌സ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച്.
Content Highlights: No Chris Gayle West Indies announced team for Test series vs India