ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയും ന്യൂസീലന്‍ഡിന്. ഓക്‌ലന്‍ഡില്‍ നടന്ന ഏക ട്വന്റി-20യില്‍ ന്യൂസീലന്‍ഡ് 35 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 16.5 ഓവറില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതമെടുത്ത ഫെര്‍ഗൂസനും ഇഷ് സോധിയും ചേര്‍ന്ന് ലങ്കയെ എളുപ്പത്തില്‍ പുറത്താക്കുകയായിരുന്നു. 43 റണ്‍സെടുത്ത തിസാര പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.
10 ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ അടുത്ത 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 38 പന്തുകളുടെ വ്യത്യാസത്തിലായിരുന്നു അത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണടിച്ചത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 27 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു കിവീസ്. എന്നാല്‍ സ്‌കോട്ട് കുഗല്യന്‍ (15 പന്തില്‍ 35) ഡഗ് ബ്രേസ്വല്‍ (26 പന്തില്‍ 44), റോസ് ടെയ്ലര്‍ (37 പന്തില്‍ 33) എന്നിവരുടെ പ്രകടനം കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ശ്രീലങ്കയ്ക്കായി കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒരൊറ്റ ജയം പോലുമില്ലാതെയാണ് ന്യൂസിലന്‍ഡില്‍ നിന്ന് ലങ്ക മടങ്ങുന്നത്. നേരത്തേ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ലങ്കയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
Content Highlights: New Zealand vs Sri Lanka T20I New Zealand win by 35 runs