കൊളംബോ: കിവീസ് പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 65 റണ്‍സിനും പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്. 187 റണ്‍സ് കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക 122 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയായി. ആദ്യ മത്സരം ലങ്ക ജയിച്ചിരുന്നു. സ്‌കോര്‍: ശ്രീലങ്ക: 244 - 122, ന്യൂസീലന്‍ഡ്: 431/6 ഡിക്ലയേര്‍ഡ്. കിവീസ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
187 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്കയ്ക്കായി നിരോഷന്‍ ഡിക്‌വെല്ല (51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലഹിരു തിരിമാനെ (0), കുശാല്‍ പെരേര (0), ഏയ്ഞ്ചലോ മാത്യൂസ് (7) എന്നിവരെല്ലാം നിരാശപ്പെടുത്തി. കുശാല്‍ മെന്‍ഡിസ് (20), ദിമുത് കരുണരത്ന (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ധനഞ്ജയ ഡി സില്‍വ രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്ണിന് പുറത്തായി.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ധനഞ്ജയ ഡി സില്‍വയുടെയും (109), അര്‍ധ സെഞ്ചുറി നേടിയ ദിമുത്ത് കരുണരത്‌നെയുടെയും (65) ബാറ്റിങ് മികവിലാണ് ലങ്ക 244 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ടോം ലാഥത്തിന്റെയും (154) ബി.ജെ വാട്ട്‌ലിങ്ങിന്റെയും (105) സെഞ്ചുറി മികവില്‍ ആറിന് 431 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കോളിന്‍ ഡി ഗ്രാന്റ്ഹോമിന്റെ (83) അര്‍ധ സെഞ്ചുറിയും കിവീസ് സ്‌കോറിങ്ങിനെ തുണച്ചു.
Content Highlights: New Zealand beat Sri Lanka in 2nd Test