നേപ്പിയര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ഏകദിനത്തിനിടെ അമിത സൂര്യപ്രകാശം കാരണം കളി നിര്‍ത്തിവെച്ചതിനെതിരേ നേപ്പിയര്‍ ഭരണകൂടം. പുറത്ത് കളിക്കുന്നവര്‍ അമിത സൂര്യപ്രകാശത്തെയും ചൂടിനെയും അതിജീവിക്കാന്‍ ശ്രമിക്കണമെന്ന് നേപ്പിയര്‍ സിറ്റി മേയര്‍ ബില്‍ ഡാല്‍റ്റന്‍ പ്രതികരിച്ചു.
കണ്ണില്‍ അല്‍പ്പം സൂര്യപ്രകാശം തട്ടിയാല്‍ അത് കളിയുടെ ഭാഗമായി കാണണം. പുറത്ത് നടക്കുന്ന മത്സരമാണ് ക്രിക്കറ്റ്. അതിനാല്‍ തന്നെ സൂര്യപ്രകാശം, ചൂട് എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ കളിക്കാര്‍ക്ക് സാധിക്കണം. സൂര്യപ്രകാശം കാരണം കളി നിര്‍ത്തിവയ്ക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് നേപ്പിയര്‍ ഭരണകൂടം പറയുന്നത്. കളി നിര്‍ത്തിവെച്ചത് തനിക്ക് വിചിത്രമായി തോന്നിയെന്നും നേപ്പിയര്‍ മേയര്‍ പറഞ്ഞു.
ബുധനാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് 44 എന്നനിലയില്‍ നില്‍ക്കേയാണ് ബാറ്റ്സ്മാന്‍മാര്‍ സൂര്യപ്രകാശത്തെ കുറിച്ച് പരാതിപ്പെട്ടത്. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി അമ്പയര്‍മാര്‍ കളി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു അമ്പയര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അരമണിക്കൂറിലേറെ സമയം മത്സരം തടസപ്പെട്ടു.
ഏകദിന ക്രിക്കറ്റില്‍ ആദ്യമായാണ് ഇക്കാരണത്താല്‍ കളി നിര്‍ത്തുന്നത്. സാധാരണ സൂര്യപ്രകാശം കണ്ണില്‍ത്തട്ടാത്ത രീതിയില്‍, തെക്കുപടിഞ്ഞാറായാണ് പിച്ചുകള്‍ നിര്‍മിക്കാറുള്ളത്. നേപ്പിയറിലെ മക്ലീന്‍ പാര്‍ക്കിലെ പിച്ച് കിഴക്കുപടിഞ്ഞാറ് ദിശയിലായി ഒരുക്കിയതുകൊണ്ടാണ് ഈ പ്രശ്‌നമുണ്ടായത്.
Content Highlights: napier mayor after mclean park sunstrike