സിഡ്‌നി: സെഞ്ചുറിയുമായി ഇന്ത്യന്‍ ടീമിലേക്ക് മുരളി വിജയിയുടെ തിരിച്ചുവരവ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ 132 പന്തില്‍ 129 റണ്‍സാണ് മുരളി വിജയ് നേടിയത്.
ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം ടീമില്‍ നിന്ന് പുറത്തായ മുരളി വിജയ് പിന്നീട് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ പോയിരുന്നു. പൃഥ്വി ഷായ്ക്ക് പരിക്കേറ്റതോടെ മുരളി വിജയ്ക്ക് ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു. സെഞ്ചുറി ഇന്നിങ്‌സ് പുറത്തെടുത്തതോടെ അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിന് തുടങ്ങുന്ന ടെസ്റ്റില്‍ മുരളി വിജയ് ഏറെക്കുറെ സ്ഥാനമുറപ്പിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി കെ.എല്‍ രാഹുലും പൃഥ്വി ഷായുമാണ് ഓപ്പണ്‍ ചെയ്തിരുന്നത്. രാഹുല്‍ പരാജയമായപ്പോള്‍ പൃഥ്വി ഷാ 69 പന്തില്‍ 66 റണ്‍സ് നേടി. എന്നാല്‍ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനിടെ ക്യാച്ച് ചെയ്യാനുള്ള ശ്രമത്തില്‍ പൃഥ്വി ഷായ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ മുരളി വിജയ് രണ്ടാം ഇന്നിങ്‌സില്‍ കളിക്കാനിറങ്ങി.
91 പന്തില്‍ 52 അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ തമിഴ്‌നാട്ടുകാരന്‍ 118 പന്തില്‍ സെഞ്ചുറിയിലെത്തി. ജെയ്ക്ക് കാര്‍ഡറെറിഞ്ഞ 39-ാം ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സാണ് മുരളി വിജയ് നേടിയത്. ആകെ 16 ഫോറും അഞ്ച് സിക്‌സുമാണ് മുരളി വിജയ് അടിച്ചെടുത്തത്. കെ.എല്‍ രാഹുല്‍ 62 റണ്‍സുമായി പിന്തുണ നല്‍കി.
ഒന്നാം ഇന്നിങ്‌സില്‍ 184 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടിന് 211 എന്ന നിലയിലായിരിക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍- ഇന്ത്യ 358 & 211/2. ക്രിക്കറ്റ് ഓസ്‌ട്രേലിയ-544.
നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ ആദ്യ ഇന്നിങ്‌സില്‍ 544 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഹാരി നീല്‍സണ്‍ന്റെ സെഞ്ചുറിയാണ് ഓസീസ് സ്‌കോര്‍ 500 കടത്തിയത്. മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
Content Highlights: Murali Vijay takes over from Prithvi Shaw slams classy century in tour game