തന്റെ വേരുകളും താന്‍ വന്ന വഴിയും ഒരിക്കലും മറക്കില്ലെന്ന് എം.എസ് ധോനി ഇടക്കിടെ പറയാറുണ്ട്. റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായിരുന്ന സമയത്ത് പശ്ചിമബംഗാളിലെ ഖൊരക്പൂര്‍ സ്റ്റേഷനായിരുന്നു ധോനിയുടെ തട്ടകം. അന്ന് പ്ലാറ്റ്‌ഫോമില്‍ ചായക്കച്ചവടം നടത്തിയിരുന്ന തോമസിന്റെ കടയില്‍ ധോനി ദിവസവും രണ്ടും മൂന്നും തവണ സന്ദര്‍ശനം നടത്തും. വിശേഷങ്ങള്‍ ചോദിച്ച് ചായയും കുടിക്കും.
കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ധോനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വരെ എത്തിയപ്പോള്‍ തോമസ് ആ പഴയ ചായക്കച്ചവടം തുടരുകയായിരുന്നു. അന്നൊന്നും ധോനിയെ കാണാന്‍ ശ്രമിക്കാതിരുന്ന തോമസ് കഴിഞ്ഞ ദിവസം തന്റെ പഴയ ചങ്ങാതിയെ കാണാന്‍ കൊല്‍ക്കത്തയിലെത്തി. ഖൊരക്പുരില്‍ നിന്ന് കൊല്‍ക്കത്ത വരെ സഞ്ചരിച്ച തോമസിന് ധോനിയെ ഒന്നു കാണണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ധോനി ഇപ്പോള്‍ പശ്ചിമബംഗാളില്‍ ജാര്‍ഖണ്ഡിനായി വിജയ് ഹസാരെ ടൂര്‍ണമെന്റ് കളിക്കുന്നതിനാലാണ് തോമസ് കൊല്‍ക്കത്തയിലെത്തിയത്.
കഷ്ടപ്പാടു നിറഞ്ഞ കാലത്തെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കണ്ട മാത്രയില്‍ തന്നെ ധോനി തിരിച്ചറിഞ്ഞു. അതു മാത്രമല്ല, തോമസിനെ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ച് ഗംഭീര ഭക്ഷണവും നല്‍കിയാണ് ധോനി യാത്രയാക്കിയത്. അവിടെ വെച്ച് തോമസ് ഒരു പ്രഖ്യാപനവും നടത്തി. തന്റെ ചായക്കട ഇനി മുതല്‍ ധോനി ടീ സ്റ്റാള്‍ എന്നാകും അറിയപ്പെടുക എന്നതായിരുന്നു ആ പ്രഖ്യാപനം.
നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനായി ജാര്‍ഖണ്ഡ് ടീമിനൊപ്പം ട്രെയ്‌നില്‍ യാത്ര ചെയ്ത് ധോനി എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഹതിയയില്‍ നിന്ന് ഹൗറ വരെ ട്രെയ്‌നില്‍ സഞ്ചരിച്ച ധോനി ആ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 13 വര്‍ഷത്തിന് ശേഷം ട്രെയ്‌നില്‍ യാത്ര ചെയ്തത് നന്നായി ആസ്വദിച്ചു എന്നായിരുന്നു അന്ന് ധോനിയുടെ പ്രതികരണം.