കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ള ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നെല്ലാം പിന്‍വാങ്ങിയ മഹേന്ദ്ര സിങ്ങ് ധോനി ഇപ്പോള്‍ തന്റെ ചെറിയ ജീവിതം ആസ്വദിക്കുകയാണ്. അതും വളരെ താഴെ തട്ടില്‍ നിന്ന്. മകളോടൊപ്പം മുട്ടിലിഴഞ്ഞ് കളിച്ച് അച്ഛനായുള്ള തന്റെ ജീവിതം ആസ്വദിക്കുന്ന ധോനി 13 വര്‍ഷത്തിന് ശേഷം തീവണ്ടിയിലും യാത്ര ചെയ്തു.
വിജയ് ഹസാരെ ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് ശേഷമാണ് ധോനി ടീമംഗങ്ങള്‍ക്കൊപ്പം തീവണ്ടിയില്‍ കയറിയത്. ഫെബ്രുവരി 25 ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ധോനിയുടെയും സംഘത്തിന്റെയും യാത്ര. ട്രെയ്ന്‍ യാത്രയിലെ സെല്‍ഫി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ധോനി പങ്കുവെയ്ക്കുകയും ചെയ്തു.
ഹതിയയില്‍ നിന്ന് ഹൗറ വരെ എ.സി ഫസ്റ്റ് ടയറിലാണ് ധോനി സഞ്ചരിച്ചത്. ടീമംഗങ്ങളോടൊപ്പം തമാശ പങ്കിട്ടുള്ള യാത്ര വളരെ രസകരമായിരുന്നുവെന്ന് ധോനി പറഞ്ഞു. പണ്ട് തീവണ്ടിയില്‍ ടിക്കറ്റ് പരിശോധകനായിരുന്ന ധോനിക്ക് തന്റെ പിന്‍കാലത്തേക്ക് ഒരു തിരിച്ച്‌പോക്ക് നടത്താനും ഈ യാത്രയിലൂടെ സാധിച്ചു.