ന്യൂഡല്‍ഹി: എം.എസ് ധോനിയുടെ നായകത്വത്തില്‍ ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വിദര്‍ഭയെ ആറു വിക്കറ്റിനാണ് ജാര്‍ഖണ്ഡ് തോല്‍പിച്ചത്.
ന്യൂഡല്‍ഹി പാലം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ധോനി സിക്‌സടിച്ച് ജാര്‍ഖണ്ഡിന്റെ വിജയമുറുപ്പിക്കുകയായിരുന്നു. വിദര്‍ഭ മുന്നോട്ടുവെച്ച 160 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിലേക്ക് ബാറ്റുവീശിയ ജാര്‍ഖണ്ഡ് 45.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതാണ് ജാര്‍ഖണ്ഡിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പ്രത്യുശ് സിങ്ങ് 33 റണ്‍സടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ 35 റണ്‍സ് നേടി. പിന്നീട് പുറത്താകാതെ 45 റണ്‍സ് നേടിയ ഇഷാങ്ക് ജഗ്ഗിയും 18 റണ്‍സടിച്ച ധോനിയും ജാര്‍ഖണ്ഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഗണേശ് സതീഷിനെ സിക്‌സടിച്ച് ധോനി വിജയ റണ്‍ നേടുകയായിരുന്നു.
നേരത്തെ ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 87 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു വിദര്‍ഭ. പിന്നീട് രവി ജന്‍ഗിദ് നേടിയ 62 റണ്‍സാണ് വിദര്‍ഭയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.