ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വര്‍ഷം നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുമ്പോഴും ക്രിക്കറ്റ് ലോകത്ത് ഒരാളുടെ അഭാവം ഇപ്പോഴും ചര്‍ച്ചയാകുന്നുണ്ട്. മാറ്റാരുമല്ല ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ ഉയര്‍ത്തിയ മുന്‍ നായകന്‍ എം.എസ് ധോനി.
ട്വന്റി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013) കിരീടങ്ങള്‍ ഇന്ത്യയ്ക്കായി നേടിത്തന്ന താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്. 2004 ഡിസംബര്‍ 23-ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോനി ഇന്ത്യയ്ക്കായി ആദ്യ രാജ്യാന്തര മത്സരം കളിച്ചത്.
ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായ ധോനിയുടെ അക്കൗണ്ടില്‍ ഇന്ന് 17,266 റണ്‍സുണ്ട്. മിന്നല്‍ സ്റ്റമ്പിങ്ങുകള്‍ക്ക് പേരുകേട്ട ധോനി 15 വര്‍ഷത്തിനിടെ വിക്കറ്റിനു പിന്നില്‍ 829 പുറത്താക്കലുകളും നടത്തി.
പക്ഷേ 2019 ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീടിതുവരെ ധോനി ടീം ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞിട്ടില്ല.
ഇന്ത്യയ്ക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ട്വന്റി 20 മത്സരങ്ങളും ധോനി ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
Content Highlights: MS Dhoni Completes 15 Years In International Cricket