ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനാകാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്‍താരം മുഹമ്മദ് കൈഫ്. ട്വിറ്ററില്‍ ആരാധകരുമായുള്ള ചോദ്യോത്തര വേളയിലാണ് കൈഫ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനാകാന്‍ ആഗ്രഹമുണ്ടോയെന്ന് ഒരു ആരാധകന്‍ ചോദിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന് എന്തെങ്കിലും തിരിച്ചു നല്‍കാന്‍ കഴിഞ്ഞെങ്കില്‍ അത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നായിരുന്നു കൈഫിന്റെ ഉത്തരം.
ഇന്ത്യക്കായി കളിക്കുന്ന സമയത്ത് കൈഫ് മികച്ച ഫീല്‍ഡിങ്ങിന്റെ പേരില്‍ ഏറെ അഭിനന്ദനം ലഭിച്ച താരമായിരുന്നു. ദക്ഷിണാഫ്രിയുടെ ജോണ്ടി റോഡ്‌സിനോട് വരെ കൈഫിനെ ഉപമിച്ചിട്ടുണ്ട്. കവര്‍ ഏരിയയിലായിരുന്നു കൈഫ് പ്രധാനമായും ഫീല്‍ഡ് ചെയ്തിരുന്നത്.
ഇന്ത്യക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റുകളും കൈഫ് കളിച്ചിട്ടുണ്ട്. ഐ.പി.എല്‍ പത്താം സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ ഫീല്‍ഡിങ് കോച്ചും കൈഫായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകന്‍ ടി. ശ്രീധറാണ്.
നേരത്തെ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകനായി സഹീര്‍ ഖാന്റെ പേര് ഹര്‍ഭജന്‍ സിങ്ങ് നിര്‍ദേശിച്ചിരുന്നു. ട്വീറ്റിലൂടെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.