ലണ്ടന്‍: ഓസ്ട്രേലിയക്കെതിരേ നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു പൃഥ്വി ഷായുടെ പരിക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെ കാലിന് പരിക്കേറ്റ താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്ത്യയ്ക്കായി മുരളി വിജയിയും ലോകേഷ് രാഹുലുമാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി താന്‍ ഫോമിലാണെന്ന് വിജയ് തെളിയിക്കുകയും ചെയ്തു. രാഹുലും മത്സരത്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയിരുന്നു.
എന്നാല്‍ പൃഥ്വി ഷായ്ക്ക് പകരം രോഹിത് ശര്‍മയെ ഓപ്പണറാക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ നിര്‍ദേശം. ഏകദിനത്തില്‍ മികച്ച ഫോം തുടരുന്ന പോലെ ടെസ്റ്റിലും രോഹിത്തിന് തിളങ്ങാനാകുമെന്നും വോണ്‍ പറഞ്ഞു. പൃഥ്വി ഷായുടെ പരിക്ക് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് വോണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൃഥ്വി ഷായ്ക്ക് ഓസീസിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടാല്‍ അത് നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്. കഴിവുള്ള യുവതാരമാണ് അദ്ദേഹം. ഞാനായിരുന്നെങ്കില്‍ ടോപ് ഓര്‍ഡറില്‍ അദ്ദേഹത്തിനു പകരം രോഹിത് ശര്‍മയെയാകും കളിപ്പിക്കുക. അദ്ദേഹം മികച്ച താരമാണ്. ടെസ്റ്റിലും തിളങ്ങാന്‍ സാധിക്കും- വോണ്‍ കുറിച്ചു.
വിദേശ പിച്ചുകളിലെ മോശം ഫോമാണ് രോഹിത്തിനെ പലപ്പോഴും ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണം. അടുത്ത കാലത്തു നടന്ന ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ താരം മികച്ച ഫോമിലായിരുന്നു. ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്റ്റ്.
Content Highlights: michael vaughan wants selectors to replace prithvi shaw with this batsman