കളിയും ജീവിതവും അവസാനിച്ചിട്ടും ഓര്‍മകള്‍കൊണ്ട് കളിക്കളത്തില്‍ തുടരുന്ന പേരാണ് മാര്‍ട്ടിന്‍ ക്രോ. ന്യൂസീലന്‍ഡിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്ററെന്ന് പേരെടുത്ത മാര്‍ട്ടിന്‍ ക്രോയെ ക്രിക്കറ്റ് സ്നേഹികള്‍ മറക്കാറായിട്ടില്ല.
കളിയിലെന്നപോലെ കളിയെഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ട്ടിന്‍ ക്രോയുടെ ഒന്നാം വിയോഗ വാര്‍ഷികമാണ് മാര്‍ച്ച് മൂന്ന്. മാര്‍ട്ടിന് ക്രോ ഈ ലോകം വിട്ടുപോയിട്ട് വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നു. ക്രിക്കറ്റിനെക്കുറിച്ച് മാര്‍ട്ടിന്‍ ക്രോ മൂന്നുവര്‍ഷംമുമ്പ് നടത്തിയ ഒരു പ്രവചനം സത്യമായതിന്റെ ഓര്‍മയിലാണ് ഈ ചരമദിനം കടന്നുവരുന്നത്.
മരിക്കുന്നതിന് ഒന്നരവര്‍ഷം മുന്‍പ്, 2014 ഓഗസ്റ്റില്‍, ലോകപ്രശസ്ത ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക് ഇന്‍ഫോയിലെ തന്റെ പംക്തിയില്‍ മാര്‍ട്ടിന്‍ ക്രോ ഒരു നിരീക്ഷണം നടത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്നുവരാന്‍പോകുന്ന നാലു ബാറ്റ്സ്മാന്മാരെക്കുറിച്ചാണ് അദ്ദേഹം പ്രവചിച്ചത്.
ടെസ്റ്റ് ക്രിക്കറ്റ്സ് യങ് ഫാബുലസ് ഫോര്‍ എന്ന തലക്കെട്ടില്‍ ക്രോ എഴുതിയ ലേഖനത്തില്‍ ഇന്ത്യക്കാരനായ വിരാട് കോലി, ഇംഗ്ലീഷുകാരനായ ജോ റൂട്ട്, ഓസ്ട്രേലിയക്കാരനായ സ്റ്റീവന്‍ സ്മിത്ത്, നാട്ടുകാരനായ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഭാവിയുടെ ടെസ്റ്റ് താരങ്ങള്‍ എന്ന് പ്രവചിക്കുകയുണ്ടായി.
മാര്‍ട്ടിന്‍ ക്രോ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഐ.സി.സി.യുടെ റാങ്കിങ് പ്രകാരം ലോകത്തെ ആദ്യ നാലു മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാര്‍ സ്മിത്തും കോലിയും റൂട്ടും വില്യംസണുമുണ്ട് എന്നത് അദ്ഭുതകരമായിത്തോന്നാം. മാത്രമല്ല ഈ നാലു ബാറ്റ്സ്മാന്മാര്‍ അവരവരുടെ ടീമുകളുടെ നായകന്മാര്‍കൂടിയാണിപ്പോള്‍.
ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമതും വിരാട് കോലി രണ്ടാമതും ജോ റൂട്ട് മൂന്നാമതും കെയ്ന്‍ വില്യംസണ്‍ നാലാമതും നില്‍ക്കുന്നു എന്നത് 53-ാം വയസ്സില്‍ അസുഖം ബാധിച്ച് ജീവിതത്തില്‍നിന്ന് വിടപറഞ്ഞ ഒരു പ്രതിഭയുടെ അപാരമായ ദീര്‍ഘവീക്ഷണത്തെ ഓര്‍മിപ്പിക്കുന്നു.
മാര്‍ട്ടിന്‍ ക്രോയുടെ ജീവിതത്തെയും ക്രിക്കറ്റ് ബന്ധത്തെയുംകുറിച്ച് വിശദമായ ലേഖനം മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന മാതൃഭൂമി സ്പോര്‍ട്സ് മാസികയിലുണ്ട്. ഒപ്പം കളിയെഴുത്തുകാര്‍ എങ്ങനെ ചരിത്രത്തിനു പുറത്താകുന്നുവെന്നും ഈ ലേഖനം ചര്‍ച്ചചെയ്യുന്നു.