മലി: അന്താരാഷ്ട്ര ട്വന്റി-20യില്‍ നാണക്കേടിന്റെ റെക്കോഡുമായി മലി വനിതാ ടീം. റുവാണ്ട വനിതാ ടീമിനെതിരേ വെറും ആറു റണ്‍സിന് മലി ടീം പുറത്തായി. റുവാണ്ടയില്‍ നടന്ന ക്വിബുക വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ആയിരുന്നു സംഭവം.
ആറു റണ്‍സില്‍ അഞ്ചും എക്സ്ട്രാസ് ആയിരുന്നു. രണ്ട് ബൈയും രണ്ട് ലെഗ് ബൈയും ഒരു വൈഡും. ശേഷിക്കുന്ന ഒരു റണ്‍ നേടിയത് ഓപ്പണര്‍ മറിയം സമാകെയാണ്. ഒമ്പത് ഓവറിനുള്ളില്‍ മലിയുടെ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങില്‍ വെറും നാല് പന്തിനുള്ളില്‍ (116 പന്ത് ശേഷിക്കെ) റുവാണ്ട വിജയിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ശേഷിക്കെ ജയിക്കുന്ന ടീമെന്ന റെക്കോഡും റുവാണ്ട സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം എല്ലാ അംഗരാജ്യങ്ങളുടേയും ട്വന്റി-20 മത്സരങ്ങള്‍ക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മലിയുടെ ഈ സ്കോര്‍ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ ആകും. ഈ വര്‍ഷം ജനുവരിയില്‍ യു.എ.ഇയ്ക്കെതിരേ ചൈനയുടെ വനിതാ ടീം 14 റണ്‍സിന് പുറത്തായതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
Content Highlights: Mali Women Bowled Out For Lowest Women's T20I Total