ന്യൂഡല്‍ഹി: റാഞ്ചിയിലെ ഇന്ത്യയുടെ ബാറ്റിങ് തന്ത്രത്തെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കര്‍. എല്ലാ മത്സരങ്ങളിലും വിരാട് കോലിക്ക് ഇന്ത്യയെ വിജയിപ്പിക്കാനാകില്ലെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെ റാഞ്ചിയില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌ക്കര്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ പരീക്ഷണത്തെ വിമര്‍ശിച്ചത്.
റാഞ്ചിയില്‍ ഇന്ത്യ 19 റണ്‍സിനാണ് പരാജയപ്പെട്ടത്. 261 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മധ്യനിര തകരുകയായിരുന്നു.
''ധോനി നാലാമതായി ഇറങ്ങിയാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇന്ത്യ വേവലാതി കാണിക്കേണ്ടി വരും. വിരാട് കോലിയെ എല്ലാ മത്സരത്തിലും ആശ്രയിക്കാന്‍ പറ്റില്ല. കോലിയുടെ പ്രകടനം മോശമായാല്‍ മറ്റു കളിക്കാര്‍ക്കും സമ്മര്‍ദം മറികടക്കാനാകാതെ വരുന്നു'' ഗവാസ്‌ക്കര്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ട് വിജയങ്ങളും വന്നത് കോലി മികച്ച ബാറ്റിങ് പ്രകടനം കാഴ്‌ച്ചെവെച്ചപ്പോഴായിരുന്നു. ധര്‍മ്മശാലയില്‍ കോലി 85 പന്തില്‍ 81 റണ്‍സ് നേടിയപ്പോള്‍ മൊഹാലിയില്‍ 134 പന്തില്‍ 154 റണ്‍സ് നേട. ഈ രണ്ടും ഏകദിനങ്ങളിലും ഇന്ത്യ ജയിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കോലി ഒമ്പത് റണ്‍സിന് പുറത്തായി. ന്യൂസിലന്‍ഡ് ആറു റണ്‍സിന് വിജയിക്കുകയും ചെയ്തു. റാഞ്ചിയില്‍ 51 പന്തില്‍ 45 റണ്‍സാണ് കോലി നേടിയത്.