മുംബൈ: ഇന്ത്യയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ മുന്‍ താരം അനില്‍ കുംബ്ലെക്ക് യുവതാരം വിരാട് കോലിയുടെ കളിക്കളത്തിലെ സമീപനത്തോട് ഒട്ടും വിയോജിപ്പില്ല. 'കോലിയുടെ അക്രമണോത്സുകത എനിക്ക് ഇഷ്ടമാണ്. കളിക്കുന്ന സമയത്ത് ഞാനും അങ്ങനെ തന്നെയായിരുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ അതിനനുസരിച്ചുള്ള സമീപനമാണ് നമ്മള് സ്വീകരിക്കേണ്ടത്'' കോലിയുടെ ചൂടന്‍ പെരുമാറ്റം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് കുംബ്ലെയുടെ മറുപടി ഇതായിരുന്നു.
കോലി ഇപ്പോള്‍ മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ ഐ.പി.എല്ലില്‍ തിളങ്ങിയതിനോടൊപ്പം തന്നെ ഇന്ത്യക്ക് വേണ്ടിയും ടെസ്റ്റ് ക്യാപ്റ്റന്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആ ഫോം ഇനി വരുന്ന മത്സരങ്ങളിലും കോലി തുടരുമെന്നാണ് കുംബ്ലെയുടെ പ്രതീക്ഷ.
''ആരുടെയും സഹജവാസനയെ ഞാന്‍ തല്ലിക്കെടുത്തില്ല. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുക എന്നത് എത്രത്തോളം പ്രാധാന്യമുള്ള കാര്യമാണെന്ന് എല്ലാവര്ക്കും അറിയാം. കൂടാതെ ടീമുമായ ബന്ധപ്പെട്ട് ഒരു നിയന്ത്രണ രേഖ എല്ലാവര്‍ക്കുമുണ്ടാകും. അത് മറികടക്കാതിരുന്നാല്‍ മാത്രം മതി'' കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ടീം യാത്ര തിരിക്കുന്നതിന് മുമ്പ് നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് കുംബ്ലെ നയം വ്യക്തമാക്കിയത്. ജൂലായ് 21ന് ആന്റിഗ്വയിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് മത്സരം. അതിന് മുമ്പ് പരിശീലന മത്സരങ്ങളുണ്ടാകും. നാല് ടെസ്റ്റ് മത്സരങ്ങളും രണ്ട് പരിശീലന മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.