ലണ്ടന്‍: ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പര 2-1 പരാജയപ്പെട്ട ഇന്ത്യ, നാട്ടിലും വിദേശത്തും തങ്ങള്‍ ഒരുപോലെ മികച്ചവരാണെന്ന് തെളിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലു ടെസ്റ്റുകള്‍ പിന്നിടുമ്പോള്‍ 3-1 ന് പരമ്പര അടിയറവുവെച്ചിരിക്കുകയാണ് ഇന്ത്യ.
സ്വാഭാവികമായും കോലിക്കും കൂട്ടര്‍ക്കുമെതിരേ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ തന്നെയാണ് ടീമിനും കോലിക്കുമെതിരേ രംഗത്തെത്തിയിരിക്കുന്നത്. വിദേശ പര്യടനങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ തന്നെ ഗവാസ്‌ക്കര്‍ ചോദ്യം ചെയ്തിരിക്കുന്നത്.
കോലിയിലെ നായകനില്‍ നിന്ന് ക്രിക്കറ്റ് പ്രേമികള്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. എന്നാല്‍ ടീമിനെ നയിക്കേണ്ട സ്ഥിതിവരുമ്പോള്‍ കോലിയിലെ നായകന്‍ ആ നിലവാരത്തിലേക്കുയരുന്നില്ല.
''ധോനിയില്‍ നിന്ന് കോലി ടീമിന്റെ നായകസ്ഥാനമേറ്റെടുത്തപ്പോള്‍ എല്ലാവരും ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. കാരണം ധോനി വളരെ ശാന്തനും സൗമ്യനുമായ നായകനായിരുന്നു, ജയിക്കാന്‍ വളരെയേറെ അഭിനിവേശമുള്ളയാളും. എന്നാല്‍ അത്ര സൗമ്യനും ശാന്തപ്രകൃതക്കാരനുമല്ലാത്ത കളിയോട് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുള്ള നായകനാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. ഇത് ടീമിന് പുതിയൊരു മാറ്റമുണ്ടാക്കുമെന്ന് ഏവരും ചിന്തിച്ചു. കൂടുതല്‍ വിജയങ്ങളും ചരിത്രനേട്ടങ്ങളും ടീമിന് സാധ്യമാണെന്ന തോന്നലുളവാക്കി. കളിക്കാരന്‍ എന്ന നിലയില്‍ പ്രതീക്ഷിച്ചതിലും മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് കോലിയുടേത്. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല'',ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
വിദേശത്ത് തുടര്‍ച്ചയായി പരമ്പരകള്‍ തോല്‍ക്കുന്നത് നായകനെന്ന നിലയില്‍ കോലിയുടെ പരാജയം കൂടിയാണ്. അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതിലും കളിക്കാരുടെ റൊട്ടേഷന്‍ സമ്പ്രദായത്തിലും കോലിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ടീമാണിത്. നാട്ടിലെ വിജയങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ടീമിന്റെ വിദേശ മത്സരങ്ങളും വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
കോലിയെപോലെ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഇന്ത്യ കളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇത് ടീമിനെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇംഗ്ലണ്ടിനെതിരായ തോല്‍വി. പരമ്പരയില്‍ കോലി 500 റണ്‍സിലേറെ സ്‌കോര്‍ ചെയ്തിട്ടും മറ്റൊരു കളിക്കാരനും നായകന് പിന്തുണ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ടെസ്റ്റും, നാലാം ടെസ്റ്റും ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ട് തട്ടിയെടുക്കുകയായിരുന്നു. രണ്ടു ടെസ്റ്റിലും ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്നു. കോലി 544 റണ്‍സ് നേടി ഉത്തരവാദിത്വം നിറവേറ്റി. എന്നാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. കോലിക്കൊപ്പം ഏതെങ്കിലും ഒരു കളിക്കാരന്‍ 400-500 റണ്‍സ് നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലേയും പരമ്പര വിജയം ഇന്ത്യയ്ക്കൊപ്പമാകുമായിരുന്നെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
Content Highlights: lot was expected from virat kohli when he took over from dhoni gavaskar