തിരുവനന്തപുരം: കേരള രഞ്ജി ടീം നായകന്‍ സച്ചിന്‍ ബേബിക്കെതിരായ പരാതിയില്‍ ഒപ്പുവെച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
സഞ്ജു സാംസണ്‍ അടക്കമുളള 13 താരങ്ങള്‍ക്കാണ് കെ.സി.എ നോട്ടീസ് നല്‍കിയിരിക്കുന്നത്. സഞ്ജു സാംസണ്‍, അക്ഷയ് കെ.സി, സല്‍മാന്‍ നിസാര്‍, അസ്ഹറുദ്ദീന്‍ എന്നീ താരങ്ങള്‍ക്ക് പ്രത്യേക കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
സച്ചിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന കെ.സി.എയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മാത്രമല്ല സച്ചിനെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പരാതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുണ്ട്.
കര്‍ണാടകയില്‍ നടന്ന കെ.എസ്.സി.എ ടൂര്‍ണമെന്റിനിടെ ടീം മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ രണ്ടു ദിവസം ടീം താമസിച്ചിരുന്ന ഹോട്ടലിന് പുറത്തുപോയ കാരണത്താലാണ് സഞ്ജു അടക്കമുള്ള നാലു താരങ്ങള്‍ക്ക് കെ.സി.എ പ്രത്യേക കാരണം കാണിക്കല്‍ നോട്ടീസി നല്‍കിയത്.
പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന് 13 താരങ്ങള്‍ കത്ത് നല്‍കിയിരുന്നത്. ഓരോ കളിക്കാരോടുമുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പെരുമാറ്റം ടീമിന്റെ വിജയത്തിന് കോട്ടം വരുത്തുന്നതാണെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: letter against sachin baby, kca