അവിശ്വസനീയം ഈ അതിജീവനം


കെ. സുരേഷ്

2 min read
Read later
Print
Share

ജയിക്കാനാകും എന്ന് സ്വയം വിശ്വസിച്ചിടത്താണ് കുശാലിന്റെ അദ്ഭുതം തുടങ്ങുന്നത്. ക്രീസിലെത്തുന്ന ഓരോരുത്തരെയും അത് വിശ്വസിപ്പിക്കുകയായിരുന്നു പിന്നീട്.

ക്രിക്കറ്റില്‍ ഒന്നോ രണ്ടോ ബൗണ്ടറികള്‍ ഭാഗ്യംകൊണ്ട് കിട്ടിയേക്കാം. ഒന്നോ രണ്ടോ അപകടകരമായ പന്തുകള്‍ ഭാഗ്യംകൊണ്ട് അതിജീവിച്ചേക്കാം. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച ബൗളിങ് നിരയെ 309 മിനിറ്റ് നേരം (അതെ, ആറു മണിക്കൂറും ഒമ്പതു മിനിറ്റും) ക്രീസില്‍ ചെറുത്തുനിന്ന് പതിനൊന്നാമനെ കൂട്ടുപിടിച്ച് കളി ജയിക്കുക എന്നത് കടലില്‍മുങ്ങിത്താണ കപ്പലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതുപോലൊരു അധ്വാനമാണ്. ലക്ഷ്യം എത്രയോ അകലെ. അവിടേക്കുള്ള യാത്രതന്നെ അതിസാഹസികം. അത് കണ്ടെത്തിയാലോ, വീരേതിഹാസം.

ശനിയാഴ്ച ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയുടെ കുശാല്‍ പെരേരേ 153 റണ്‍സടിച്ച് ടീമിനെ ജയിപ്പിച്ചത് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നതും അതുകൊണ്ടുതന്നെ.

ടെസ്റ്റ് ജയിക്കാന്‍ ലങ്കയ്ക്ക് അവസാന ഇന്നിങ്സില്‍ 304 റണ്‍സ് വേണ്ടിയിരുന്നു. ദക്ഷിണാഫ്രിക്ക അടിച്ചത് ആദ്യ ഇന്നിങ്സില്‍ 235, രണ്ടാം ഇന്നിങ്സില്‍ 259. ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 191. അതായത്, മൂന്ന് ഇന്നിങ്സുകളിലെയും ടോട്ടലിനെക്കാള്‍ വലുതാണ് അവസാന ഇന്നിങ്സില്‍ ലങ്കയ്ക്ക് വേണ്ടത്.

നേരിടേണ്ടതോ, ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരയെ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന കാഗിസോ റബാഡ, മൂന്നാംസ്ഥാനക്കാരനായ വെര്‍ണന്‍ ഫിലാന്‍ഡര്‍, ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ഏഴാമനായ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരുടെ തീപാറുന്ന പന്തുകള്‍. ഒപ്പം കേശവ് മഹാരാജിന്റെ സ്പിന്നും. ദക്ഷിണാഫ്രിക്കയുടെ ഗ്രൗണ്ട്, അവരുടെ വിജയം കാത്തിരിക്കുന്ന കാണികള്‍, ഹെല്‍െമറ്റിലും നെഞ്ചിലുമെല്ലാം ആഞ്ഞുപതിക്കുന്ന പന്തുകള്‍...

അഞ്ചാമായി കുശാല്‍ ക്രീസിലെത്തുമ്പോല്‍ 52 റണ്‍സായിരുന്നു ശ്രീലങ്കയ്ക്ക്. ഒമ്പതുവിക്കറ്റിന് 226 എന്ന നിലയിലാണ് കുശാലും വിശ്വ പെരേരയും അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്നത്. ഒരു സാധാരണ ടെസ്റ്റ് മത്സരം അസാധാരണമായി മാറുന്നത് പിന്നീടു കണ്ടു.

''ബാറ്റുകൊണ്ടല്ലെങ്കില്‍ ദേഹംകൊണ്ട് ഞാന്‍ പന്ത് തടുത്തോളാം, നിങ്ങള്‍ പേടിക്കേണ്ട'' - പതിനൊന്നാമനായി ക്രീസിലെത്തിയ വിശ്വ കുശാലിനോട് പറഞ്ഞു. അപ്പോള്‍ കുശാല്‍ 132 പന്തില്‍ 86 റണ്‍സെടുത്തിരുന്നു. ശ്രീലങ്കയ്ക്ക് ജയിക്കാന്‍ പിന്നെയും 78 റണ്‍സ് വേണം.

ഒരല്‍പ്പം ക്ഷമിച്ചുനിന്നാല്‍ കുശാലിന് സെഞ്ചുറി തികയ്ക്കാം എന്നേ ഏവരും കരുതിയുള്ളൂ. വിശ്വ എത്രനേരം അതിജീവിക്കും എന്ന കൗതുകവും. എന്നാല്‍, ക്രിക്കറ്റ് ചരിത്രത്തില്‍ അതിജീവനത്തിന്റെ അവിശ്വസനീയ അധ്യായം രചിച്ച് കുശാലും വിശ്വയും ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു.

ജയിക്കാനാകും എന്ന് സ്വയം വിശ്വസിച്ചിടത്താണ് കുശാലിന്റെ അദ്ഭുതം തുടങ്ങുന്നത്. ക്രീസിലെത്തുന്ന ഓരോരുത്തരെയും അത് വിശ്വസിപ്പിക്കുകയായിരുന്നു പിന്നീട്. എതിരാളികളെ ഭയപ്പാടില്ലാതെ നേരിട്ടതാണ് അടുത്തഘട്ടം. എതിര്‍ബൗളര്‍മാരുടെ അസ്വസ്ഥത കൂടിവന്നു. ഫീല്‍ഡുകളില്‍ പല മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടും രക്ഷ കിട്ടിയില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മൂര്‍ച്ചയെക്കാള്‍ വലുതായിരുന്നു കുശാലിന്റെ ഏകാഗ്രത.

അവസാനം ഓരോ ഓവറിലും പെരേര ഒരു സിക്‌സ് അല്ലെങ്കില്‍ ബൗണ്ടറി പറത്തി. 81-ാം ഓവറില്‍ സ്റ്റെയ്ന്‍ പുതിയ പന്തെടുത്തു. തൊട്ടടുത്ത ഓവറിലും ബൗണ്ടറി പറത്തി.

വിശ്വ ക്രിസിലെത്തിയശേഷം കുശാല്‍ 177 പന്തില്‍ 67 റണ്‍സടിച്ചു. ഇതിനിടെ വിശ്വ നേരിട്ടത് 27 പന്തുകള്‍. അതില്‍ ആറ് റണ്‍സ്.

പത്താംവിക്കറ്റില്‍ ഒരുമിച്ചശേഷം ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 78 റണ്‍സില്‍ 67 റണ്‍സും കുശാലിന്റെ ബാറ്റില്‍നിന്നായിരുന്നു. കളി ജയിച്ചപ്പോള്‍ കുശാലിന്റെ ഇന്നിങ്സില്‍ 200 പന്തില്‍ 12 ബൗണ്ടറിയും അഞ്ചുസിക്‌സും ഉണ്ടായിരുന്നു.

''ഇത് എന്റെ മാത്രം വിജയമല്ല. ഒരു റണ്ണെങ്കിലുമെടുത്ത ഓരോരുത്തരുടെയും വിജയമാണ്. അവസാനമെത്തിയ വിശ്വ, ഒരു റണ്‍ അകലെ പുറത്തായിരുന്നെങ്കില്‍ ഈ ഇന്നിങ്സും വിജയവുമില്ല.''- പിന്നീട് കുശാല്‍ പറഞ്ഞു.

അന്ന് ലാറയുടെ 153

1999-ല്‍ ഓസ്ട്രേലിയക്കെതിരേ വിന്‍ഡീസ് അവസാന ഇന്നിങ്സില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 311 റണ്‍സടിച്ചു ജയിച്ചപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ ബാറ്റ്സ്മാന്‍ 153 റണ്‍സടിച്ച് പുറത്താകാതെ നിന്നു. അദ്ദേഹത്തിന്റെ പേര് ബ്രയന്‍ ലാറ! അന്ന് പതിനൊന്നാമനായി ഇറങ്ങിയ കോര്‍ട്‌നി വാല്‍ഷ് അഞ്ച് പന്ത് അതിജീവിച്ചു. റണ്ണൊന്നുമെടുത്തില്ലെങ്കിലും അത് വിജയത്തിലേക്ക് വലിയൊരു കൈത്താങ്ങായി. ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനായ ലാറയുടെ ഇന്നിങ്സിനോട് താരതമ്യം ചെയ്യപ്പെടുന്നതുതന്നെ കുശാലിനുള്ള അംഗീകാരം.

Content Highlights: Kusal Perera on match-winning knock against South Africa

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram